Categories

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

western-gattu-2

ഇടുക്കി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ ഇടുക്കിയില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍.

കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ദേശീയ ഹരിത  ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇനിയും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് ഇടുക്കിയിലെ എല്‍.ഡി.എഫ് നേതൃത്വം അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്ന കാര്യങ്ങളുമെല്ലാം കളവാണെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.എം മണി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്നും മണി അഭിപ്രായപ്പെട്ടു.

കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമായി തന്നെ തുടരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ തീരുമാനിച്ചത് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയതിന് ശേഷമാണ്. ഇതുസംബന്ധിച്ച് നവംബര്‍ 13 ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കും.

പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ഖനനത്തിനും മണല്‍ വാരലിനുമുള്ള നിയന്ത്രണം തുടരും. ഡിസംബര്‍ 20ലെ മെമ്മോറാണ്ടം അസാധുവാണ്- തുടങ്ങിയ കാര്യങ്ങളും കേന്ദ്രം വ്യക്തമാക്കിയിരുന്നു.