എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിയമസഭയില്‍ പ്രതിപക്ഷ ബഹളം
എഡിറ്റര്‍
Wednesday 29th January 2014 10:27am

assembly

തിരുവനന്തപുരം: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രനിലപാട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ നോട്ടീസ്.

123 വില്ലേജുകളിലെ പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റമില്ലെന്ന് കേന്ദ്രം നിലപാട് മാറ്റിയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

വിഷയത്തിലുള്ള കേന്ദ്രത്തിന്റെ നിലപാട് വഞ്ചനാപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കര്‍ഷക ദ്രോഹമായ നിലപാടുകളാണ് കേന്ദ്രം കൈക്കൊള്ളുന്നത്.

കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍ കര്‍ഷകരെ വഞ്ചിക്കുന്നതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ കേരളത്തിന്റെ താത്പര്യത്തിനനുസരിച്ച് ഭേദഗതി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ വ്യക്തമാക്കി. ഗാഡ്ഗിലിന്റെ പേരില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കരുതെന്നും വി.എസ്. വ്യക്തമാക്കി.

എന്നാല്‍ കേന്ദ്രം ഒരിക്കലും ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്നും കേരളത്തിന്റെ നിലപാട് അറിഞ്ഞശേഷമേ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കുള്ളൂ എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രി വീരപ്പമൊയ്‌ലി ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തെത്തിയ നേതാക്കള്‍ മുദ്രാവാക്യം വിളികളുമായി സഭയില്‍ കുത്തിയിരിക്കുകയാണ്.

Advertisement