എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: രാജി ഇന്നറിയിക്കുമെന്ന് പി.സി ജോര്‍ജ്
എഡിറ്റര്‍
Wednesday 5th March 2014 7:18am

p.c-george.

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ വന്‍ വിള്ളല്‍. രാജിസന്നദ്ധതയറിയിച്ച് നേരത്തേ രംഗത്തെത്തിയ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം രാജിയിലുറച്ചു നില്‍ക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് രാജിയിലുറച്ചു നില്‍ക്കുന്നത്. താന്‍ രാജി വെയ്ക്കാന്‍ തീരുമാനിച്ചതായും രാജി ഇന്നറിയിയ്ക്കുമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി.സി ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പരിഗണിച്ച് കേന്ദ്രം കരട് വിജ്ഞാപനമിറക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇന്നലെ ഏറെ വൈകിയാണ് കരട് വിജ്ഞാപനമില്ല എന്നറിയുന്നത്.

ഇതോടെയാണ് രാജി മുഴക്കി നിന്നിരുന്ന നേതാക്കള്‍ തീരുമാനം കടുപ്പിച്ചത്. പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന ഘടകകക്ഷികളുള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ അനുനയിപ്പിച്ചിരുന്നത് ഈ കരട് വിജ്ഞാപനത്തിന്റെ പേരു ചൂണ്ടിക്കാട്ടിയായിരുന്നു.

എന്നാല്‍ കരട് വിജ്ഞാപനം പോലുമില്ലാത്ത സാഹചര്യത്തില്‍ ഇനി സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് മാണി വിഭാഗത്തെ അനുനയിപ്പിയ്ക്കുക എളുപ്പമല്ല.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോര മേഖലകളിലുള്ള ശക്തമായ പ്രതിഷേധം തങ്ങളുടെ വോട്ട് ബാങ്കിനെ സാരമായി ബാധിയ്ക്കുമെന്ന കാരണത്താലാണ് മാണി വിഭാഗം റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്.

കരട് വിജ്ഞാപനമിറക്കിയാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതിയും അറിയിച്ചിരുന്നു.

Advertisement