കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കശ്മീരില്‍ വെടിയേറ്റ് മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി റിക്രൂട്ട്‌മെന്റ് കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 24 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ നാല് പ്രതികള്‍ വെടിയേറ്റ് മരിച്ചവരാണ്. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഒന്നാം പ്രതി. എം.എസ്.ജലീല്‍ രണ്ടാം പ്രതിയും തടയന്റെവിട നസീര്‍ മൂന്നാം പ്രതിയുമാണ്. രാജ്യദ്രോഹം, ആയുധം കൈവശം വയ്ക്കല്‍, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നിരോധിച്ച ഭീകരസംഘടനയായ സിമിക്ക് പ്രവര്‍ത്തസഹായവും, സാമ്പത്തിക സഹായവും നല്‍കി എന്നതാണ് അബ്ദുള്‍ ജലീലിന്റെ പേരിലുള്ള കുറ്റം. പാക്ക് അധീന കാശ്മീരിലെ മുസഫറാബാദ് സ്വദേശിയായ വാലി എന്ന അബ്ദുള്‍ അസീസ് 24ാം പ്രതിയാണ്. ലഷ്‌കര്‍ ഭീകരന്‍ കൂടിയായ വാലി ഹൈദരാബാദില്‍ താമസിച്ച് നൂറുകണക്കിന് മലയാളികളെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേരത്തെ ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എയ്ക്ക് നല്‍കിയിരുന്നു.

2008 ഒക്ടോബര്‍ 16ന് പാകിസ്താനിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ നാലു മലയാളി തീവ്രവാദികളെ സൈന്യം വെടിവച്ചു കൊന്നതിനെ തുടര്‍ന്നാണ് കേരളത്തിലെ തീവ്രവാദ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

അന്താരാഷ്ട്ര തീവ്രവാദ സംഘടനകള്‍ക്കുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്ത് നല്‍കുന്നതില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.