കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ മലയാളികള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താന്‍ എന്‍.ഐ.എ തീരുമാനിച്ചു. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയാണ് ഇക്കാര്യം അറിയിച്ചത്.

തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട ഇടക്കാല പുരോഗതി അന്വേഷിക്കാനാണ് എന്‍.ഐ.എ പ്രത്യേക കോടതി ചേര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടെ പാക്ക് തീവ്രവാദി വാലി അബ്ദുള്‍ റഹ്മാനെ 24ാം പ്രതിയാക്കും. ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വാലിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിലാണിത്.

കാശ്മീരില്‍ കൊല്ലപ്പെട്ട നാല് മലയാളികളുടേയും ചിത്രങ്ങളും പൂര്‍ണവിവരങ്ങളും എന്‍.ഐ.എ കോടതിയ്ക്ക് കൈമാറി. രണ്ട് പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്ന് നേരത്തെ പറഞ്ഞിരുന്നു.

വാലി എന്ന അബ്ദുല്‍ റഹ്മാന്‍ കേരളത്തില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ മുന്‍കൈയ്യെടുത്തു എന്ന് എന്‍.ഐ.എ ഓപ്പറേഷന്‍സ് മേധാവി ലോകനാഥ് ബെഹ്‌റ വെളിപ്പെടുത്തിയിരുന്നു.

മലയാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസിന് പാക്ബന്ധമുണ്ടെന്നത് അതീവഗൗരവമായാണ് കേന്ദ്രം കാണുന്നത്. വാലി അബ്ദുള്‍ റഹ്മാന്‍ ഹൈദരാബാദില്‍ താമസിച്ച് നൂറുകണക്കിന് മലയാളികളെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് കേസില്‍ രാജ്യത്തിന് പുറത്തുപോയി അന്വേഷണം നടത്തേണ്ടതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുമെന്നും ബഹ്‌റ പറഞ്ഞിരുന്നു.

കളമശേരി ബസ് കത്തിക്കല്‍, ബിനാനിപുരം സിമിയോഗം എന്നീ കേസുകളില്‍ കുറ്റപത്രം ഉടനേ സമര്‍പ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യംചെയ്തതില്‍ നിരവധി വിവരങ്ങള്‍ ലഭിച്ചുവെന്നും ലോകനാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.