ഇസ്‌ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നിലപാടിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അടുത്തു തന്നെ ശുഭ വാര്‍ത്ത കേള്‍ക്കാമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി. പാക് അധീന കാശ്മീരിന്റെ പ്രധാനമന്ത്രി അത്വിഖ് അഹമ്മദ്ഖാനുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷെ എന്തായിരിക്കും ‘ഗുഡ് ന്യൂസ്’എന്ന് വ്യക്തമാക്കാന്‍ ഗീലാനി തയ്യാറായിട്ടില്ല. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് പാകിസ്ഥാന് നല്ല ബോധ്യമുണ്ടെന്നും രാജ്യത്തിന്റെ നിലപാടില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ അന്താരാഷ്ട്ര വിഷയമായി യൂറോപ്യന്‍ യൂനിയന്‍ പാര്‍ലിമെന്റ് അംഗീകരിച്ചത് പാകിസ്ഥാന് അനുകൂലമായ സാഹചര്യമൊരുക്കിയിരിക്കയാണെന്ന് അഹമദ് ഖാന്‍ ഗീലാനിയോട് പറഞ്ഞു.

യു.എന്നും ഇ.യുവും ഒ.ഐ.സിയുമെല്ലാം കാശ്മീര്‍ വിഷയം മുഖ്യ കാര്യമായി പരിഗണിക്കുന്നുണ്ടെന്ന് ഗീലാനി പറഞ്ഞു. ഇത് പാകിസ്ഥാന്റെ വിദേശ നയത്തിനുള്ള വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.