എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരിന് പ്രത്യേക പദവി: നിലപാടില്‍ അയവു വരുത്തി ബി.ജെ.പി
എഡിറ്റര്‍
Saturday 18th January 2014 7:21pm

rajnath-singh

ന്യൂദല്‍ഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പിനെതിരെയുള്ള നിലപാടില്‍ അയവ് വരുത്തി ബി.ജെ.പി.

ജമ്മു കാശ്മീരിന്റെ വികസനത്തിന് ഇത് ഉപകരിക്കുമെങ്കില്‍ പാര്‍ട്ടിക്ക് എതിര്‍പ്പെല്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് വ്യക്തമാക്കി. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

ഇതാദ്യമായാണ് ജമ്മു കാശ്മീര്‍ പ്രത്യേക പദവി അനുവദിക്കുന്ന 370 ാം വകുപ്പിനെതിരെയുള്ള നിലപാടില്‍ ബി.ജെ.പി അയവു വരുത്തുന്നത്. കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണമെന്നായിരുന്നു ബി.ജെ.പിയുടെ നേരത്തെയുള്ള നിലപാട്.

ജമ്മുകാശ്മീര്‍ വളരെ ഗൗരവമേറിയതും വൈകാരികവുമായ പ്രദേശമാണ്. 370 ാം വകുപ്പ് ജമ്മു കാശ്മീരിന്റെ വികസനത്തിന് ഉപകരിക്കുമെങ്കില്‍ അത് നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് എതില്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാശ്മീരിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമായിരുന്ന ബി.ജെ.പി നടത്തിയിരുന്നത്.

കഴിഞ്ഞമാസം തന്റെ കാശ്മീര്‍ റാലിക്കിടെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പിന്റെ കാര്യത്തെ കുറിച്ച് ചര്‍ച്ച വേണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വകുപ്പിനെതിരായ തങ്ങളുടെ നിലപാടില്‍ അയവുവരുത്തലല്ലെന്നായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവായ അരുണ്‍ ജെയ്റ്റിലി അന്ന് പ്രതികരിച്ചത്.

Advertisement