Categories

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: പ്രോസിക്യൂഷന് അനുമതി

കൊച്ചി: കശ്മീരില്‍ വെടിയേറ്റ് മരിച്ച നാല് മലയാളികള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എയ്ക്ക് അനുമതി നല്‍കി. ഫെബ്രുവരി 3നാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തുവിട്ടത്. വെടിയേറ്റ് മരിച്ച നാല് പ്രതികള്‍ ഉള്‍പ്പെടെ 24 പേരെയാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

കേസിലെ കുറ്റപത്രം എന്‍.ഐ.എ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചേക്കും. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ജലീലാണ് ഒന്നാം പ്രതി. എം.എസ് ജലീല്‍ രണ്ടാം പ്രതിയും തടയന്റെവിട നസീര്‍ മൂന്നാം പ്രതിയുമാണ്. രാജ്യദ്രോഹം, ആയുധം കൈവശം വയ്ക്കല്‍, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചൂമത്തിയിക്കുന്നത്.

നിരോധിച്ച ഭീകരസംഘടനയായ സിമിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സാമ്പത്തിക സഹായവും പ്രവര്‍ത്തനസഹായവും അബ്ദുള്‍ ജലീല്‍ നല്‍കി എന്ന് എന്‍.ഐ.എ കണ്ടെത്തിയിരുന്നു.

കേരളത്തില്‍ നിന്നുള്ള യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന സംഭവത്തില്‍ പാക്ക് അധീനകാശ്മീരിലെ മുസഫറാബാദ് സ്വദേശിയായ വാലി എന്ന് അബ്ദുള്‍ അസീസ് പങ്കുള്ളതായി എന്‍.ഐ.എ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വാലി ഹൈദരാബാദില്‍ താമസിച്ച് നൂറുകണക്കിന് മലയാളികളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും വ്യക്തമായിരുന്നു. അന്താരാഷ്ട്ര ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ കൂടിയായ വാലി അബ്ദുള്‍ അസീസ് കേസിലെ 24ാം പ്രതിയാണ്.

2008 ഒക്ടോബര്‍ 16ന് പാകിസ്താനിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ നാലു മലയാളി തീവ്രവാദികളെ സൈന്യം വെടിവച്ചു കൊന്നതിനെ തുടര്‍ന്നാണ് കേരളത്തിലെ തീവ്രവാദ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

അന്താരാഷ്ട്ര തീവ്രവാദ സംഘടനകള്‍ക്കുവേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്ത് നല്‍കുന്നതില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി എന്‍.ഐ.എ. നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.