കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ സാക്ഷിവിസ്താരം രഹസ്യമാക്കി നടത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം എന്‍.ഐ.എ കോടതി അംഗീകരിച്ചു. സാക്ഷികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് രഹസ്യവിചാരണ നടത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് യുവാക്കളെ കാശ്മീരിലെത്തിച്ച് ആയുധ പരിശീലനം നല്‍കിയെന്നാണ് കേസ്. കണ്ണൂര്‍ എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. തടിയന്റവിട നസീറാണ് കേസിലെ മുഖ്യപ്രതി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീരിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ 18 പ്രതികള്‍ക്കെതിരെയാണ് ഐ. എന്‍. എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.. തടിയന്റവിട നസീര്‍, ഷഫാസ്, അബ്ദുള്‍ ജലീല്‍ എന്നിവരാണ് പ്രധാന പ്രതികള്‍.

ലഷ്‌കര്‍ ഈ തോയിബയുമായി ചേര്‍ന്ന് പ്രതികള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്നും കേരളത്തിലും പുറത്തും തീവ്രവാദക്ലാസ്സുകള്‍ സംഘടിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കോഴിക്കോട് സ്‌ഫോടനക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു വരികയാണ് തടിയന്റവിട നസീറും ഷഫാസും.

ഇതു കൂടാതെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലും കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്. കേസിലെ പ്രധാന പ്രതിയായ പാക്കിസ്ഥാന്‍ സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.

മറ്റൊരു പ്രതിയായ അയൂബിനേയും പിടികൂടുവാനുണ്ട്. ഇവരെ മാറ്റി നിര്‍ത്തിക്കൊണ്ട് കേസിന്റെ വിചാരണ  ആരംഭിക്കും. 2008ല്‍ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

Malayalam News

Kerala News In English