ശ്രീനഗര്‍: കശ്മീര്‍ വീണ്ടും പുകയുന്നു. പ്രക്ഷോഭകാരികളും സുരക്ഷാസേനയും തമ്മിലുണ്ടായ വെടിവയ്പ്പിലും സ്‌ഫോടനത്തിലുമായി 8 പേര്‍ക്കാണ് ഞായറാഴ്ച്ച ജീവന്‍ നഷ്ടപ്പെട്ടത്. ജൂണ്‍ 11 ന് പ്രക്ഷോഭം തുടങ്ങിയശേഷം ഒരുദിവസം ഇത്രയും ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത് ആദ്യമാണ്. ഇതോടെ പ്രക്ഷോഭങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 29 ആയി ഉയര്‍ന്നു.

പുല്‍വാമയിലെ പോലീസ് ക്യാമ്പില്‍ നടത്തിയ സ്‌ഫോടനത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. അഫ്രാസ് അക്തര്‍, നയീം അഹമ്മദ് ഷാ, റയീസ് അഹമ്മദ്, റിയാസ് അഹമ്മദ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം നടത്തിയ മാര്‍ച്ച് നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സൈനികര്‍ വെടിവയ്ക്കുകയായിരുന്നു. ഇതിലും നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായി. കാശ്മീരിലെ ഖ്രൂവില്‍ പോലീസ് പോസ്റ്റിന് കല്ലെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍് 17കാരിയായ അഫ്രോസ ബാനോ കൊല്ലപ്പെട്ടിരുന്നു. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ 17കാരിയും ഉള്‍പ്പെട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രഘധാനമന്ത്രി സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് മീറ്റിംഗ് വിളിച്ചിരുന്നു. താഴ്‌വരയിലെ സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ദല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്. കശ്മീരില്‍ നിയോഗിച്ചിട്ടുള്ള സൈന്യത്തിന്റെ അംഗബലം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 11 തുള്‍ഫി മട്ടൂ (17) എന്ന ചെറുപ്പക്കാരന്‍ പോലീസുമായുണ്ടായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടതോടെയാണ് താഴ്‌വരയിലെ കാര്യങ്ങള്‍ കലങ്ങിമറിയാന്‍ തുടങ്ങിയത്. തുടര്‍ന്ന് സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ നിയോഗിക്കുകയായിരുന്നു. എന്നാല്‍ ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഹുറിയത്ത് കോണ്‍ഫറന്‍സും പി ഡി പിയും അടക്കമുള്ള സംഘടനകള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമം നടത്തിയതോടെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഒറ്റപ്പെടുകയായിരുന്നു. അതിനിടെ ഏതുപ്രശ്‌നവും കശ്മീരിലെ ഏതു സംഘടനയുമായും ചര്‍ച്ചചെയ്യാന്‍ ഒരുക്കമാണെന്ന് ആഭ്യന്ത്രമന്ത്രി പി ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.