ശ്രീനഗര്‍: ജമ്മുകാശ്മീരിനെ വിഭജിക്കണമെന്ന രാഷ്ട്രീയ സ്വയം സേവക് സംഘം നേതാവ് എം ജി വൈദ്യയുടെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹുറിയത്ത് കോണ്‍ഫ്രന്‍സും നാഷണല്‍ കോണ്‍ഫ്രന്‍സും രംഗത്ത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജമ്മുകാശ്മീരിനെ മൂന്നായി വിഭജിക്കണമെന്നാണ് വൈദ്യ ആവശ്യപ്പെട്ടത്. കാശ്മീര്‍ സംസ്ഥാനം രൂപീകരിച്ച് പരമാവധി സ്വയം ഭരണം നല്‍കണം. ജമ്മുവിനെ വേറിട്ടൊരു സംസ്ഥാനവും ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശവുമാക്കി മാറ്റണം. ഇതായിരുന്നു വൈദ്യയുടെ നിര്‍ദേശം.

ജമ്മുകാശ്മീരിനെ പൂര്‍ണമായി ഇല്ലാതാക്കുന്ന നിര്‍ദേശം തള്ളിക്കളയുന്നതായി ഹുറിയത്ത് കോണ്‍ഫ്രന്‍സ് സയ്യദ് അലിഷാ ഗീലാനി പറഞ്ഞു. ജമ്മുകാശ്മീര്‍ ഇതുപോലെ തന്നെ തുടരണം. വേണ്ടത് സ്വയം നിര്‍ണയാവകാശമാണ്. ജമ്മുവിലെയും കാശ്മീരിലെയും ജനങ്ങള്‍ക്ക് സ്വന്തം അഭിപ്രായം രേഖപ്പെടുത്താനാവണം. അതില്‍ ഭൂരിപക്ഷം ഏതിനാണോ അതിന് അംഗീകരിക്കണം-ഗീലാനി പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ ആര്‍.എസ്.എസിന് എന്ത് അധികാരമെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് മെഹ്ബൂബ് ബേഗ് ചോദിച്ചു. കാശ്മീരിനെ വിഭജിക്കാന്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് യോജിക്കുന്നില്ല. 1947ന് മുമ്പ് ജമ്മുകാശ്മീര്‍ സ്വതന്ത്ര രാജ്യമായിരുന്നു. ജമ്മുകാശ്മീരും ന്യൂദല്‍ഹിയും തമ്മിലുണ്ടാക്കിയ കരാറനുസരിച്ചാണ് സ്വയം ഭരണാധികാരം നല്‍കിയത്. അത് പുസ്ഥാപിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും പി.ഡി.പിയും ആര്‍.എസ്.എസ് നേതാവിന്റെ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്ന് അറിയിച്ചു.