എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരില്‍ സൈനിക സാന്നിധ്യം കുറയ്ക്കാന്‍ മധ്യസ്ഥ സംഘത്തിന്റെ ശുപാര്‍ശ
എഡിറ്റര്‍
Friday 25th May 2012 9:58am

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സൈന്യത്തിന്റെ സാന്നിധ്യം കുറക്കാനും സേനാ പ്രത്യേകാധികാര നിയമം, പൊതുസുരക്ഷാ നിയമം, അസ്വസ്ഥമേഖലാ നിയമം എന്നിവ പുനഃപരിശോധിക്കാനും മൂന്നംഗ മധ്യസ്ഥസമിതി ശുപാര്‍ശ. കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം നിര്‍ദേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദിലീപ് പട്‌ഗോങ്കര്‍, രാധാകുമാര്‍, എം.എം. അന്‍സാരി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയുടേതാണ് ശുപാര്‍ശ.   മധ്യസ്ഥസംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ഒക്ടോബര്‍ 12നാണ് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് റിപ്പോര്‍ട്ട് കൈമാറിയത്.

ജമ്മുകശ്മീര്‍ ജനതക്കുവേണ്ടി രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ഒറ്റ പാക്കേജ് വേണമെന്ന് സമിതി നിര്‍ദേശിച്ചു.സേനാ പ്രത്യേകാധികാര നിയമം പുനഃപരിശോധിക്കുന്ന കാര്യത്തില്‍ ഗുണപരമായി പ്രതിരോധ മന്ത്രാലയം പ്രതികരിക്കണം. ഇപ്പോഴത്തെ സമീപനം ശരിയല്ല. ജനങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ സുരക്ഷാ സേനയുടെ സാന്നിധ്യം കുറക്കണം. സേനയുടെ കൈവശത്തിലുള്ള പ്രദേശങ്ങള്‍ കഴിവതും നാട്ടുകാര്‍ക്ക് സാമൂഹികസാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കണം. ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്നും മറ്റുമുള്ള ആരോപണങ്ങളുടെ പേരില്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ സേനക്ക് അധികാരം നല്‍കുന്ന പൊതുജന സുരക്ഷാ നിയമം ഭേദഗതിചെയ്യണം. സുരക്ഷാകാര്യ സ്ഥാപനങ്ങളുടെ വൈപുല്യം ചുരുക്കണം. സേനാ സാന്നിധ്യം നാട്ടുകാരെ അസ്വസ്ഥരാക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, സ്‌റ്റേഡിയം, വ്യവസായ സമുച്ചയങ്ങള്‍ എന്നിവയൊക്കെ തീവ്രവാദത്തിന്റെ പേരില്‍ സേന കൈയേറിയിട്ടുണ്ട്. അത് ഇപ്പോഴും അവരുടെ കൈവശത്തിലാണ്. ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കണ്ണായ ഭൂമി സേനയുടെ കൈവശത്തിലാണ്. അത് വിട്ടുകൊടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കണം. മനുഷ്യാവകാശങ്ങള്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.

കര്‍ഫ്യൂ ഏര്‍പ്പാട് പരിമിതപ്പെടുത്തണം. ചെറിയ കുറ്റങ്ങള്‍ക്ക് തടവിലാക്കിയ ചെറുപ്പക്കാരെ വിട്ടയക്കണം. കല്ലെറിഞ്ഞതിന്റെയും മറ്റും പേരില്‍ പലരെയും കസ്റ്റഡിയിലുണ്ട്. അക്രമത്തിന്റെ പാത വെടിഞ്ഞ തീവ്രവാദികളെ പുനരധിവസിപ്പിക്കണം. യുവാക്കളെ തുടര്‍ച്ചയായി അറസ്റ്റു ചെയ്യുന്നുവെന്നും പൊതുസുരക്ഷാ നിയമം വിവേചനരഹിതമായി ഉപയോഗിക്കുന്നുവെന്നുമുള്ള പരാതി വ്യാപകമായുണ്ട്.

1952ലെ ദല്‍ഹി കരാറിനുശേഷം സംസ്ഥാനത്തിന് ബാധകമാക്കിയ കേന്ദ്ര നിയമങ്ങളും ഭരണഘടനാ അനുച്ഛേദങ്ങളും പുനരവലോകനം ചെയ്യണം. പുതിയ കേന്ദ്രനിയമങ്ങളും ഭരണഘടനാ അനുച്ഛേദങ്ങളും സംസ്ഥാനത്ത് അടിച്ചേല്‍പിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement