എഡിറ്റര്‍
എഡിറ്റര്‍
കാശ്മീര്‍: യു.എന്‍ പൊതുസഭയില്‍ ഇന്ത്യ-പാക് വാക്‌പോര്
എഡിറ്റര്‍
Wednesday 6th November 2013 6:45am

united-nations

യു.എന്‍: കാശ്മീര്‍ പ്രശ്‌നത്തെ ചൊല്ലി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യ-പാക് വാക്‌പോര്.

സ്വയംനിര്‍ണയത്തിനുള്ള ജനങ്ങളുടെ അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് യു.എന്നിലെ പാക്കിസ്ഥാന്റെ സ്ഥിരം പ്രതിനിധി  മസൂദ് ഖാന്‍ കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചത്.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ തുടര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി സംസാരിച്ച പി. രാജീവ് എം.പി  ഇതിനെ ശക്തമായി വിമര്‍ശിച്ചു.

‘ഇന്ത്യയിലെ ഒരു സംസ്ഥാനമായ ജമ്മുകാശ്മീരിനെ കുറിച്ച് ഈ സമ്മേളനത്തില്‍ നടത്തിയ അനാവശ്യ പ്രസ്താവനയില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സ്വയംനിര്‍ണയാവകാശത്തിനുള്ള പാലസ്തീനിയന്‍ ജനതയുടെ അവകാശത്തെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനേ ഈ പരാമര്‍ശം ഉപകരിക്കൂ.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മുകാശ്മീരിലെ ജനങ്ങളുടെ പോരാട്ടത്തെ ഭീകരപ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്ന് മസൂദ് ഖാന്‍ പറഞ്ഞു. ഇക്കാര്യം പറയുന്നതിനാലാണ് ഇന്ത്യ പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കുന്നത്. അയല്‍പക്കത്ത് നിന്ന് നടപ്പിലാക്കുന്ന ഭീകരതയുടെ ഏറ്റവും വലിയ ഇരയാണ് പാക്കിസ്ഥാന്‍ എന്ന് പറഞ്ഞ അദ്ദേഹം പരോക്ഷമായി ഇന്ത്യയെ കുറ്റപ്പെടുത്തി.

കഴിഞ്ഞ സെപ്റ്റംബറില്‍ പൊതുസഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രം എന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം പൊതുസഭാ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു.

Advertisement