ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടു ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു.

കാശ്മീര്‍ താഴ്‌വരയിലെ എട്ടു പോലീസ് സ്റ്റേഷന്‍ പരിധികളിലായിരുന്നു കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ നൈജീന്‍, ലാല്‍ ബസാര്‍, സക്കുറ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് കര്‍ഫ്യു പിന്‍വലിച്ചിരിക്കുന്നത്.

Ads By Google

അതേസമയം റാം മുന്‍ഷി ബാഗ്, കോത്തിബാഗ്, സദ്ദാര്‍, രാജ്ബാഗ്, ഷെര്‍ഗാര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധികളിലെ കര്‍ഫ്യു തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ തുടര്‍ന്ന് കാശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂപ്രഖ്യാപിച്ചിരുന്നത്.

2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയതിന് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇതു 2003 ഒക്‌ടോബര്‍ 29ന്  ഹൈക്കോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു.

2006 ഒക്‌ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളി. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ തൂക്കിലേറ്റിയിരുന്നു.

പാര്‍ലമെന്റ് ആക്രമണത്തില്‍ നേരിട്ട് അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോടതി വിധിയില്‍ പറയുന്നത് അഫ്‌സല്‍ ഗുരുവിന് ഏതെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവില്ലെന്നും പക്ഷേ പൊതുജന അഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത് എന്നുമായിരുന്നു.

ഈ സംഭവത്തില്‍ കാശ്മീരില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.