തിരുവനന്തപുരം: കാസര്‍ഗോഡ് ഭൂമിദാനക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്  വി.എസ് അച്യുതാനന്ദന്‍. ഉദ്യോഗസ്ഥന്‍ അറിയാതെ ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് ലഭിക്കില്ലെന്ന് വി.എസ് വ്യക്തമാക്കി.

അതേ സമയം, കേസില്‍ വിവരാവകാശ കമ്മീഷന്‍ അംഗം നടരാജനെതിരെ സര്‍ക്കാരും രംഗത്തെത്തി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമം നടത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. കേസില്‍ നിന്നും വി.എസ്സിനെ ഒഴിവാക്കാന്‍ നടരാജന്‍ ഫോണിലൂടെയും നേരിട്ടും ശ്രമിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു.

Ads By Google

കാസര്‍ഗോഡ് ഭൂമിദാനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്.

എഫ്.ഐ.ആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ് അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്നായിരുന്നു നടരാജന്‍ അന്വേഷണ ഉദ്യോഗ്സ്ഥനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ കഴിഞ്ഞ ഒക്ടോബര്‍ 19ന് വിളിച്ചപ്പോള്‍ ഡി.വൈ.എസ്.പി കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ആരുടെയും നിര്‍ദേശപ്രകാരമല്ല താന്‍ വിളിക്കുന്നതെന്നും വി.എസ് അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നും നടരാജന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.