എഡിറ്റര്‍
എഡിറ്റര്‍
മദ്രാസാധ്യാപകന്റെ മൃതദേഹത്തിന് കാസര്‍ഗോഡ് പൊതുദര്‍ശനാനുമതി നിഷേധിച്ച് പൊലീസ് ; മൃതദേഹവം നിര്‍ബന്ധപൂര്‍വം മടിക്കേരിയിലേക്ക് കൊണ്ടുപോയി
എഡിറ്റര്‍
Wednesday 22nd March 2017 10:43am

കാസര്‍കോട്: കഴിഞ്ഞ ദിവസം പള്ളിയില്‍വെച്ച് കൊല്ലപ്പെട്ട പള്ളി മുഅദ്ദിനും പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനുമായ കുടക് സ്വദേശി റിയാസിന്റെ (30) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊതുദര്‍ശനത്തിനായി കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സ്വദേശമായ മടിക്കേരിയിലേക്ക് നിര്‍ബന്ധപൂര്‍വം കൊണ്ടുപോയ പൊലീസ് നടപടി വിവാദമാകുന്നു.

വിദഗ്ധ പോസ്റ്റുമോര്‍ട്ടം വേണമെന്ന് പറഞ്ഞ മുഹമ്മദ് റിയാസിന്റെ മൃതദേഹം കഴിഞ്ഞദിവസം രാത്രിയായിരുന്നു പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ റിയാസിന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരാതെ സ്വദേശമായ മടിക്കേരിയിലേക്ക് കൊണ്ടുപോകാനായിരുന്നു പൊലീസിന്റെ തീരുമാനം.

മൃതദേഹം പഴയചൂരിയില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ച ശേഷം റിയാസിന്റെ നാട്ടിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്.

എട്ട് വര്‍ഷത്തോളം ചൂരിയിലെ മദ്രസയില്‍ ജോലി ചെയ്ത റിയാസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെന്നും പൊതുദര്‍ശനത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം പൊലീസ് അംഗീകരിച്ചില്ല.

സ്ഥലത്തെ സംഘര്‍ഷസാധ്യത പരിഗണിച്ചാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. സ്ഥലത്ത് മുന്‍പും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പൊലീസിന്റെ വാദം.


Dont Miss  ‘ആഭ്യന്തരം എനിക്ക് വേണം’; ഉത്തര്‍പ്രദേശില്‍ ആഭ്യന്തര വകുപ്പ് ലഭിക്കാന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ വടംവലി 


നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. തുടര്‍ന്ന് എം.എല്‍.എയും ലീഗ് നേതാക്കളും ജില്ലാ പൊലീസ് കാര്യാലയത്തില്‍ കുത്തിരിപ്പ് സമരം തുടങ്ങിയെങ്കിലും പ്രതിഷേധം വകവെക്കാതെ പൊലീസ് തന്നെ മൃതദേഹം വഹിച്ച ആംബുലന്‍സുമായി മടിക്കേരിയിലേക്ക് തിരിക്കുകയായിരുന്നു.

അതേസമയം റിയാസ് മൗലവിയെ ദാരുണമായി കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

ഇതിന് മുന്‍പും കാസര്‍കോട്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. കേസുകളില്‍ പ്രതികളായവരൊക്കെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ഇവരുടെ കേസുകള്‍ വാദിക്കാനെത്തിയിരുന്നത് വന്‍ തുക ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകരാണ്.

കൊലപാതകികള്‍ക്ക് വേണ്ടി പണമടക്കം ഏര്‍പ്പാട് ചെയ്യുന്ന കറുത്ത ശക്തികളെ കണ്ടെത്തിയാല്‍ കാസര്‍കോട്ടെ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാനാവുമെന്നും എം.എല്‍.എ പറഞ്ഞു.

Advertisement