കോഴിക്കോട്: കാസര്‍ഗോഡ് ചൂരിയില്‍ പള്ളിയില്‍ സേവനം ചെയ്യുന്ന മതപണ്ഡിതനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ അപലപിച്ചു.

Subscribe Us:

സംഭവം ദാരുണവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. മതസൗഹാര്‍ദ്ദവും സമാധാനവും നിലനില്‍ക്കുന്ന കേരളത്തില്‍ ആരാധനാലയങ്ങള്‍ കടന്നുള്ള അക്രമം ഞെട്ടലുളവാക്കുന്നു.

നമ്മുടെ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുറ്റവാളികെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കണം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാന്തപുരം പറഞ്ഞു.

മദ്രസാധ്യാപകെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പ്രത്യേക ഉന്നതതല പൊലീസ് സംഘം രൂപവത്ക്കരിച്ച് അന്വേഷിക്കണമെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സാമൂഹിക ദ്രോഹികളേയും കൊലയാളികളേയും നിയമത്തിന് മുന്‍പിലെത്തിക്കാന്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

ഇതിന് സമാനമായ കൊടിഞ്ഞി ഫൈസല്‍ വധക്കേസ് കൈകാര്യം ചെയ്തപ്പോള്‍ സംഘ്പരിവാറിന്റെ താത്പര്യം അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരും പൊലീസും പ്രവര്‍ത്തിച്ചത്. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ അറുംകൊലയ്ക്ക് ഇരയായ ഫൈസലിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാന്‍ പോലും ഭരണകൂടം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.


Dont Miss ‘കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് പിണറായിയോ കുമ്മനമോ?’; കോടിയേരിയെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം


മദ്രസാധ്യാപകന്റെ മൃതദേഹം പരിയാരം ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പത്തുവര്‍ഷം ജോലി ചെയ്ത ചൂരിയില്‍ പൊതു ദര്‍ശനത്തിന് വെക്കാനും നമസ്‌ക്കരിക്കാനും അനുമതി നല്‍കണമെന്ന ബന്ധുക്കളുടേയും നാട്ടുകാരുടേയും ശിഷ്യന്‍മാരുടേയും ആവശ്യം നിരാകരിച്ച പൊലീസ് നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

മദ്രസാധ്യാപകനെ കൊലപ്പെടുത്തിയ ആര്‍.എസ്.എസ് ഭീകരതയെ ചെറുക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. കൊലപാതകം കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ ആസൂത്രിത നീക്കമാണ്. കേരളത്തില്‍ ആര്‍.എസ്.എസിന്റെ ഭാവി അജണ്ടയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു.

വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസ് പദ്ധതിയെ ചെറുക്കാനും മതസ്ഥാപനങ്ങള്‍ക്കും മതപണ്ഡിതന്‍മാര്‍ക്കും സംരക്ഷണം നല്‍കാനും സര്‍ക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും ഫൈസി ആവശ്യപ്പെട്ടു.