തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ബന്ധുവിന് ഭൂമി ദാനം ചെയ്ത കേസില്‍ ഇടപെട്ട വിവരാവകാശ കമ്മീഷണര്‍ കെ.നടരാജനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Ads By Google

ഭൂമിദാനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി വി.ജി.കുഞ്ഞനെ വിവരാവകാശ കമ്മിഷനംഗം കെ.നടരാജന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവ് കിട്ടിയതായി എ.ഡി.ജി.പി ആര്‍.ശ്രീലേഖയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കാസര്‍ക്കോട്ട് ക്രമരഹിതമായി ബന്ധുവിന് ഭൂമി അനുവദിച്ചുവെന്ന വി.എസിനെതിരായ കേസില്‍ നടരാജന്‍ ഇടപെട്ടുവെന്ന പരാതിയെക്കുറിച്ചാണ് അന്വേഷണം നടന്നത്.

കേസില്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട്, അന്വേഷിക്കുന്ന ഡി.വൈ.എസ്.പി. വി.ജി. കുഞ്ഞന്റെ മേല്‍ വിവരാവകാശ കമ്മീഷനംഗവും മുന്‍ ഡി.ഐ.ജിയുമായ കെ. നടരാജന്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു ആക്ഷേപം.

ഭൂമിദാനകേസില്‍ വി.എസ്.അച്യുതാനന്ദനെ പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ കൊടുത്തതിന് പിന്നാലെ മാര്‍ച്ച് 31ന് ശേഷമാണ് നടരാജന്‍ ഡി.വൈ.എസ്.പിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്. ഇത് സ്ഥിരീകരിക്കാന്‍ ബി.എസ്.എന്‍.എല്ലില്‍ നിന്നുള്ള റിപ്പോര്‍ട്ട് അടക്കം എ.ഡി.ജി.പി തെളിവായി ശേഖരിച്ചിട്ടുണ്ട്.

എഫ്.ഐ.ആര്‍. സമര്‍പ്പിക്കുമ്പോള്‍ വി.എസ്സിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 19 ന് നടരാജന്‍ വിളിച്ചപ്പോഴാണ് ഡിവൈ.എസ്.പി. കുഞ്ഞന്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്.

വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്നും ആ പരിഗണന നല്‍കി ആദ്യ റിപ്പോര്‍ട്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ഡി.വൈ.എസ്.പി. കുഞ്ഞനോട് കെ. നടരാജന്‍ ആവശ്യപ്പെട്ടു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിത് ആവശ്യപ്പെടുന്നതെന്നും നമ്മള്‍ തമ്മിലുള്ള പേഴ്‌സണല്‍ ബന്ധംകൊണ്ട് പറഞ്ഞുവെന്നേയുള്ളൂവെന്നും നടരാജന്‍ പറഞ്ഞിരുന്നു.

വാര്‍ത്ത പുറത്തുവന്ന് വിവാദം രൂപപ്പെടുമ്പോള്‍ വിദേശത്തായിരുന്ന നടരാജന്‍ തിരിച്ചെത്തിയ ശേഷവും ആരോപണങ്ങള്‍ നിഷേധിക്കാന്‍ തയാറായിട്ടില്ല.