കാസര്‍ഗോഡ്: കാസര്‍ഗോഡ് ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സ് സംഘം പൂര്‍ത്തിയാക്കി. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനെ ഒന്നാം പ്രതിയാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

മുന്‍ ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന കെ.ആര്‍. മുരളീധരനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് മുമ്പ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ 9 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മുരളീധരനെ ഒഴിവാക്കിയാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇയാളെ മാപ്പ് സാക്ഷിയാക്കുമെന്നാണ് അറിയുന്നത്.

Ads By Google

വി.എസ്സിനെതിരെ നിര്‍ണായകമായ മൊഴികള്‍ നല്‍കിയതിനാലാണ് മുരളീധരനെ കേസില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഏഴ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വി.എസ്സിനെ ഒന്നാം പ്രതിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം ലഭിച്ചതിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കും.

വി.എസ്സിന്റെ ബന്ധുവും വിമുക്തഭടനുമായ ടി.കെ സോമന് കാസര്‍ഗോഡ് 2.33 ഏക്കര്‍ ഭൂമി നല്‍കിയന്നാണ് വി.എസ്സിനെതിരെയുള്ള കേസ്. വിമുക്തഭടന്‍മാര്‍ക്ക് ഭൂമി നല്‍കാനുള്ള ചട്ടപ്രകാരമായിരുന്നു നടപടി. എന്നാല്‍ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയലുകളുടെ പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇടപാടില്‍ ക്രമക്കേടും ഔദ്യോഗികസ്ഥാനങ്ങളുടെ ദുരുപയോഗവും നടന്നതായാണ് സത്യവാങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കിയത്.