മലയാള സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മൊഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ ‘കാസനൊവ’ ഇനിയും വൈകും. കാസനോവയുടെ സൈറ്റില്‍ നിന്നും മോഹന്‍ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ ‘ചൈന ടൗണി’ന്റെ ചിത്രീകരണത്തിന് പോകാന്‍ തീരുമാനിച്ചതാണ് കാസനോവ വീണ്ടും വൈകാനിടയാക്കിയത്.

തുടക്കത്തില്‍ തന്നെ പലകാരണങ്ങളാല്‍ ‘കാസനോവ’ നീണ്ടുനീണ്ടുപോയിരുന്നു. പ്രശ്‌നങ്ങളൊതുക്കി ദുബായിയില്‍ ഒന്നാം ഘട്ടം ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഒന്നാം ഘട്ടത്തിന്റെ ചിത്രീകരണത്തിനുശേഷം ‘ക്രിസ്റ്റിയന്‍ ബ്രദേഴ്‌സി’ന്റെ ബാക്കി ഭാഗത്തില്‍ അഭിനയിക്കാന്‍ ലാല്‍ പോയി. ഇതുകഴിഞ്ഞ് രണ്ടാം ഘട്ടം തുടങ്ങാമെന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതീക്ഷ. എന്നാല്‍ ലാല്‍ ‘ചൈനാ ടൗണി’ന് ഡേറ്റ് കൊടുത്തതോടെ റോഷന്റെ പ്രതീക്ഷകള്‍ തകര്‍ന്നമട്ടാണ്.

ലാലിനൊപ്പം ദിലീപ്, ജയറാം എന്നിവരാണ് റാഫിമെക്കാര്‍ട്ടിന്‍ ടീമിന്റെ ‘ചൈന ടൗണി’ല്‍ അഭിനയിക്കുന്നത്. റാഫിമെക്കാര്‍ട്ടിന്‍ എന്ന ഹിറ്റ് സംവിധായകരുടെ സാന്നിധ്യവും ദിലീപ്, ജയറാം കൂട്ടുകെട്ടുമാണ് ലാലിനെ ചൈന ടൗണിലേക്കാകര്‍ഷിച്ചതെന്നാണ് സൂചന.

എന്തായാലും ലാലിന്റെ ഡേറ്റ് കിട്ടാതായതോടെ അനിശ്ചിതത്വത്തിലായത് ‘കാസനോവ’യുടെ ചിത്രീകരണമാണ്. 2011 ഫെബ്രുവരിയില്‍ റിലീസ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം പകുതിയോടെ മാത്രമേ ചിത്രം റീലിസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.