മുംബൈ: മൂംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട അജ്മല്‍ അമീര്‍ കസബ് വീഡിയോ കോണ്‍ഫറന്‍സിംഗിനിടെ അക്രമാസക്തനായി. വിചാരണകോടതിയില്‍ നടന്ന കോണ്‍ഫറന്‍സിംഗിനിടെ കസബ് രോഷാകുലനാവുകയും ക്യാമറയില്‍ തുപ്പുകയുമായിരുന്നു.

കനത്ത സുരക്ഷയുടെ നടുവില്‍ തിങ്കളാഴ്ച്ചയാണ് വാദം തുടങ്ങിയത്. സുരക്ഷ കണക്കിലെടുത്ത് കസബിനെ ജയിലില്‍ നിന്നും മാറ്റാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു വിചാരണ. തന്റെ വധശിക്ഷക്ക് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വാദം കേള്‍ക്കുന്നത്.

ക്യാമറയ്ക്കു മുമ്പില്‍ ഹാജരാകാനും കസബ് വിസമ്മതിച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് സാധ്യമല്ലെന്നും തന്നെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നും കസബ് ആവശ്യപ്പെട്ടിരുന്നു.