മുംബൈ: പാകിസ്ഥാനില്‍ നിന്ന് സാക്ഷികളെ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് മുംബൈ ആക്രമണക്കേസില്‍ ജീവനോടെ പിടിയിലായ ഏക പ്രതി അജ്മല്‍ കസബ് കോടതിയില്‍ ആവശ്യപ്പെട്ടു. ‘ ഇവിടെ പാകിസ്താനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ ഇത് കേള്‍ക്കണം. അവര്‍ എന്റെ ആവശ്യം പാക് സര്‍ക്കാറിലെത്തിക്കണം. എനിക്ക് വേണ്ടി പാകിസ്ഥാനില്‍ നിന്ന് സാക്ഷികളെ ഹാജരാക്കണം’- ഇക്കാര്യമാണ് കസബ് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ ഇത്രയും കാലമായിട്ടും പാകിസ്ഥാന്‍ കസബിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ജഡ്ജ് തെഹ്‌ലിയാനി ഓര്‍മ്മിപ്പിച്ചു. ‘താങ്കള്‍ക്ക് അഭിഭാഷകനെ വെക്കാന്‍ അവസരം നല്‍കി, താങ്കളുടെ വാദം കോടതി കേട്ടു. സഹാമഭ്യര്‍ഥിച്ച് താങ്കള്‍ പാകിസ്ഥാനയച്ച കത്തിന് ഇതുവരെ മറുപടിയുണ്ടായിട്ടില്ല’- ജഡ്ജ് വ്യക്തമാക്കി. ഇന്ത്യന്‍ കോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന് വ്യക്തമായിരിക്കെ വിചാരണ അന്താരാഷ്ട്ര കോടതിയിലേക്ക് മാറ്റണമെന്നും കസബ് ആവശ്യപ്പെട്ടു.