എഡിറ്റര്‍
എഡിറ്റര്‍
കാരുണ്യ : 255 പേര്‍ക്ക് 2.13 കോടിയുടെ സഹായം
എഡിറ്റര്‍
Friday 13th April 2012 9:39pm

തിരുവനന്തപുരം: കാരുണ്യ ലോട്ടറിയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നും 255 അപേക്ഷകര്‍ക്ക് 2.13 കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു.  കാന്‍സര്‍, ഹൃദ്രോഗം, കരള്‍രോഗം, വൃക്കരോഗം, ഹീമോഫീലിയ എന്നിവ ബാധിച്ചവര്‍ക്കും പാലിയേറ്റീവ് കെയറിനുമാണ് ധനസഹായം.

സര്‍ക്കാര്‍ ആശുത്രികളില്‍ നിന്നും ചികിത്സതേടുന്നവര്‍ക്കാണ് കാരുണ്യ ധനസഹായം അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.  എന്നാല്‍ എല്ലാ സ്വാശ്രയ, സഹകരണ, സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും കാരുണ്യ സഹായത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉന്നതതലസമിതി തീരുമാനിച്ചു.  ധനസഹായത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ട സ്വകാര്യ ആശുപത്രികളുടെ മേലധികാരികളുമായി സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തും.  തുടര്‍ന്ന് അക്രഡിറ്റഡ് ആശുപത്രികളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും.

റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഇതുവരെ ധനസഹായം നല്‍കിയിരുന്നത്.  എന്നാല്‍ വിവാഹിതയായി വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിക്ക് സഹായം ആവശ്യമായിവന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സഹായം സ്വീകരിക്കാം.  ജനിക്കുന്ന കുട്ടിക്ക് സഹായം വേണ്ടിവന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഒരു കുടുംബത്തിലെ ഒരംഗത്തിന് ഒരുതവണ മാത്രമാണ് സഹായം നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.  എന്നാല്‍ ഒരുകുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് ഒന്നിലധികം തവണ രണ്ട് ലക്ഷം രൂപക്കുള്ളില്‍ നിന്നുകൊണ്ട് ധനസഹായം നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു.

Advertisement