ചെന്നൈ: ദയാനിധി മാരനും സഹോദരനായ കലാനിധി മാരനും തനിക്ക് മക്കളെപ്പോലെയാണെന്ന് കരുണാനിധി. ടെലികോം കുംഭകോണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. ഏറ്റെടുത്ത കേസില്‍ അന്വേഷണം നേരിടുകയാണ് മുന്‍ കേന്ദ്ര ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനും സഹോദരനും സണ്‍ ടിവി ഉടമയുമായ കലാനിധി മാരനും. ഈ അവസരത്തിലാണ് ഡി.എം.കെ. നേതാവ് കരുണാനിധി അവര്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുന്നത്.

കേസില്‍ കുടുങ്ങിയ മാരന്‍ സഹോദരന്മാരെ കരുണാനിധിയും പാര്‍ട്ടിയും കൈയൊഴിഞ്ഞെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണു പാര്‍ട്ടി അധ്യക്ഷന്‍ നിശബ്ദത വെടിഞ്ഞത്. മാരന്‍ സഹോദരന്‍മാര്‍ തനിക്ക് മക്കളെപ്പോലെയാണെന്നും ഞാന്‍ അവര്‍ക്ക് പിന്തുണ നല്‍കിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നില്‍ ഡി.എം.കെയെ പൂര്‍ണമായി തകര്‍ക്കാനുള്ള ചില സ്ഥാപിത താല്‍പര്യക്കാരുടെ ഗൂഢാലോചനയാണെന്നും കരുണാനിധി പ്രസ്താവനയില്‍ പറഞ്ഞു.

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മകള്‍ കനിമൊഴിയെയും ബന്ധുക്കളായ മാരന്‍ സഹോദരന്മാരെയും ഒരുപോലെയാണു താന്‍ പരിഗണിക്കുന്നതെന്ന് കരുണാനിധി വ്യക്തമാക്കി. കനിമൊഴിയുടെ കാര്യത്തിലെന്നപോലെ മാരന്‍ സഹോദരന്മാരുടെ കാര്യത്തിലും തനിക്കു പ്രത്യേക താല്‍പര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മാരന്‍ സഹോദരന്മാരുടെ വസതികളിലും ഓഫീസുകളിലും സി.ബി.ഐ നടത്തിയ റെയ്ഡ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നു തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഡി.എം.കെ. അധ്യക്ഷയുമായ ജയലളിത ആരോപിച്ചു. ആരോപണമുയര്‍ന്നു നാലു വര്‍ഷത്തിനു ശേഷമാണു റെയ്ഡ് നടത്തിയത്. ഇത്രയും കാലത്തിനുശേഷം ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ അവര്‍ വസതികളിലും ഓഫീസുകളിലും സൂക്ഷിച്ചുവയ്ക്കുമെന്നു കരുതാനാവില്ലെന്നും ജയലളിത പറഞ്ഞു.