എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുമെന്ന് കരുണാനിധി
എഡിറ്റര്‍
Thursday 27th March 2014 6:26am

karunanidhi-true

ചെന്നൈ: തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടാല്‍ പിരിഗണിക്കുമെന്ന് ഡി.എം.കെ. അധ്യക്ഷന്‍ എം. കരുണാനിധി.  കോണ്‍ഗ്രസ് തങ്ങളോടുകാണിച്ച വിശ്വാസവഞ്ചന മറക്കാന്‍ തയ്യാറാണെന്നും കരുണാനിധി പറഞ്ഞു.

ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ചെന്നൈയിലെ ചിന്താദിരിപ്പേട്ടില്‍ തുടക്കം കുറിച്ചുകൊണ്ടാണ് കരുണാനിധി കോണ്‍ഗ്രസിന് അനുകൂലമായ പ്രസ്ഥാവന നടത്തിയത്..

2ജി സ്‌പെക്ട്രം കേസില്‍ പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടുന്നതിനുപകരം കോണ്‍ഗ്രസ് ഡി.എം.കെ.യെ പഴിചാരുകയാണ് ചെയ്തതെന്നും യു.പി.എ. സര്‍ക്കാറിനെ നിര്‍ണായകഘട്ടങ്ങളിലെല്ലാം പിന്തുണച്ച ഡി.എം.കെ.യോടു നന്ദി കാണിച്ചില്ലന്നും കരുണാനിധി വിമര്‍ശിച്ചു.

എന്നാല്‍ മതനിരപേക്ഷ സര്‍ക്കാറുണ്ടാക്കാനായി കോണ്‍ഗ്രസ് പിന്തുണ തേടിയാല്‍ ഇതെല്ലാം മറന്ന് ഡി.എം.കെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡി.എം.കെ. എല്ലാക്കാലത്തും മതനിരപേക്ഷ സര്‍ക്കാറിനുവേണ്ടിയാണ് നിലകൊണ്ടതെന്നും  മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി തമിഴ്‌നാട്ടില്‍ പദ്ധതികള്‍ നടപ്പാക്കിയതും ഈ വിഭാഗങ്ങളുടെ സംരക്ഷണം ഏറ്റെടുത്തതും ഡി.എം.കെ.യാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

എ.ഐ.എ.ഡി.എം.കെ.യ്ക്ക് എതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയ കരുണാനിധി ഡി.എം.ഡി.കെ., പി.എം.കെ. എന്നീ കക്ഷികളെ വിമര്‍ശിച്ചില്ല.
ഡി.എം.കെ.യില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും മകനുമായ എം.കെ. അഴഗിരിയെ കുറിച്ചും അദ്ദേഹം നിശ്ശബ്ദത പാലിച്ചു.

ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഡി.എം.കെ യു.പി.എ വിട്ടത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ 39 സീറ്റുകളില്‍ 26 എണ്ണവും സ്വന്തമാക്കിയിരുന്നു.

Advertisement