ന്യൂദല്‍ഹി:2ജി സ്‌പെക്ട്രം കേസില്‍ റിമാന്‍ഡില്‍കഴിയുന്ന മകള്‍ കനിമൊഴിയെ കാണാന്‍ കരുണാനിധി തീഹാര്‍ ജയിലിലെത്തി.

ഡി.എം.കെയുടെ മുന്‍മന്ത്രി കൂടിയായ എ.രാജയെയും കലൈഞ്ജര്‍ ടി വി എം.ഡി ശരത്കുമാറിനെയും അദ്ദേഹം സന്ദര്‍ശിച്ചു.

വൈകിട്ട് പത്‌നിയും കനിമൊഴിയുടെ അമ്മയുമായ രാജാത്തി അമ്മാളുമൊത്താണ് അദ്ദേഹം ജയിലിലെത്തിയത്. കനിമൊഴിയുടെ ഭര്‍ത്താവും ഡി.എം.കെ പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലുവും അദ്ദേഹത്തെ അനുഗമിച്ചു.

മാധ്യമങ്ങളോടു സംസാരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

പതിവില്‍നിന്നു വിപരീതമായി സോണിയാ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയില്ല. 2004 ല്‍ യു.പി.എ സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചതുമുതല്‍ ദല്‍ഹിയില്‍ വരുമ്പോഴൊക്കെ കരുണാനിധി സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

മടക്കയാത്ര മാറ്റിയതിനെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ഹോട്ടലിലെത്തി കരുണാനിധിയെ കണ്ടു.