ചെന്നൈ: സ്വാമി നിത്യാനന്ദ ലൈംഗിക വിവാദത്തില്‍പ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്തെ ആള്‍ദൈവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി കരുണാനിധി പ്രസ്താവിച്ചു. ഒരു മന്ത്രിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ എത്ര ആശ്രമങ്ങളുണ്ട്. അവിടങ്ങളില്‍ നടക്കുന്നതെന്ത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം ലൈംഗിക അപവാദക്കേസില്‍പ്പെട്ട സ്വാമി നിത്യാനന്ദക്കെതിരെ ചെന്നൈയിലെ ഒരു സംഘം അഭിഭാഷകര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സ്വാമിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സ്വാമി കോടിക്കണക്കിന് രൂപയുടെ സ്വത്ത് അവിഹിതമായി സമ്പാദിച്ചതായും സ്വാമിയുടെ സ്വത്തും അക്കൗണ്ടുകളും മരവിപ്പിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

സ്വാമിയും സിനിമാ നടിയുമായുള്ള സി ഡി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും സ്വാമിയുടെ സ്ഥാപനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കുമെതിരെ അക്രമം തുടരുകയാണ്. അക്രമം ഭയന്ന് കോയമ്പത്തൂരിലെ യോഗാ സെന്റര്‍ ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കോയമ്പത്തൂര്‍, സേലം, നാമക്കല്‍ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിത്യാനന്ദയുടെ പ്രതിമകളും തല്ലിത്തകര്‍ത്തു.