ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയെ ഇന്ന് പിതാവ് കരുണാനിധി സന്ദര്‍ശിക്കും. ഡി.എം.കെയുടെ രാജ്യസഭാംഗമായ കനിമൊഴിയെ ഡി.എം.കെ തലവനും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമാണ് സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കനിമൊഴിയുടെ ജാമ്യാപേക്ഷ ഇന്നലെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് കരുണാനിധി നേരിട്ട് സന്ദര്‍ശനത്തിന് തീരുമാനിച്ചത്.

കനിമൊഴിക്കെതിരായ വിധി കരുണാനിധിയെ ദുഖത്തിലാഴ്ത്തിയതായി ഡി.എം.കെ വൃത്തങ്ങള്‍ പറഞ്ഞു. കനിമൊഴിയുടെ മാതാവ് രാജാത്തി അമ്മാള്‍ ഇപ്പോള്‍ ദല്‍ഹിയിലുണ്ട്.

ഇന്ന് രാവിലെ കരുണാനിധി ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ദുരൈമുരുകനൊപ്പം രാവിലെ 8.30 ഓടെയാണ് കരുണാനിധി പുറപ്പെട്ടത്.