ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും ഡി.എം.കെ നേതാവ് എം.കരുണാനിധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോടും സോണിയാഗാന്ധിയോടുമാണ് കരുണാനിധി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഇതിനോടകം തന്നെ ലഭിച്ചതായും മൂന്നു പേരും 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചതായും കരുണാനിധി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും കരുണാനിധി ആവശ്യപ്പെട്ടു.

Subscribe Us:

2000ല്‍ കരുണാനിധി അധികാരത്തിലിരിക്കുന്ന സമയത്ത് മൂന്ന് പേരെയും തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ ശുപാര്‍ശ നല്‍കിയിരുന്നു. അത്‌കൊണ്ട് തന്നെ ഇപ്പോള്‍ കരുണാനിധി പരസ്യമായി രംഗത്തു വരാന്‍ കാരണം രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് വിലയിരുത്തലുകള്‍.

ഒക്ടോബര്‍ 17നാണ് തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയം ഭരണ തിരഞെടുപ്പ് നടക്കുന്നത്. തിരഞെടുപ്പിനായുള്ള ഒരുക്കത്തില്‍ ഡി.എം.കെ ഇപ്പോള്‍ വളരെ പിന്നിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തമിഴ് വികാരം അനുകൂലമാക്കാന്‍ വേണ്ടിയാണ് കരുണാനിധി ഇങ്ങിനെ ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത് എന്നു വേണം മനസ്സിലാക്കാന്‍.