ചെന്നൈ: കനിമൊഴിയുടെ ശരീരം ശോഷിച്ചെന്ന് കരുണാനിധി പറഞ്ഞു. ദല്‍ഹിയില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ചെത്തിയ കരുണാനിധിയാണ് തീഹാര്‍ ജയിലില്‍ കഴിയുന്ന മകളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക വെളിപ്പെടുത്തിയത്. മാനുഷിക പരിഗണനയില്ലാത്ത സാഹചര്യത്തിലാണ് കനിമൊഴിയുള്ളതെന്നും സി.ഐ.ടി കോളനിയിലെ വസതിയില്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

ജയിലിലെ ചൂട് കനിമൊഴിക്കും കലൈഞ്ചര്‍ ടി.വി. എം.ഡി. ശരത്കുമാറിനും ഏറെ അസഹ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ആരോഗ്യവും തകര്‍ന്നു. ചുട്ടുപൊള്ളുന്ന ഡല്‍ഹിയിലെ കാലാവസ്ഥ സഹിക്കാന്‍ കഴിയുന്നില്ല. സി.ബി.ഐ ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടും യു.പി.എയുമായുള്ള ബന്ധം നല്ലരീതിയിലാണെന്നും ഡല്‍ഹിയില്‍ ഉറ്റസുഹൃത്തായ കേന്ദ്ര വ്യോമയാനമന്ത്രി വയലാര്‍ രവിയെ മാത്രമാണ് കണ്ടതെന്നും മറ്റു കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.