തിരുവനന്തപുരം:മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ കെ കരുണാകരന്റെ ഭൗതികശരീരം തൃശൂര്‍ ടൗണ്‍ഹാളിലെത്തിച്ചു. രാവിലെ 8മുതല്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിക്കണക്കിന് ആളുകളാണ് എത്തുന്നത്.

കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, ഇ.അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രി കെ.പി രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ ടൗണ്‍ഹാളില്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

പതിനൊന്നരയോടെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് അന്ത്യാഞ്ജലി അര്‍പ്പിച്ചു കഴിഞ്ഞാല്‍ മൃതദേഹം ഡി.സി.സി ആസ്ഥാനമായ കെ.കരുണാകരന്‍ സപ്തതി മന്ദിരത്തിലേക്ക് കൊണ്ടുപോകാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പ്രധാനമന്ത്രി രണ്ടുമണിയോടെ മാത്രമേ എത്തുകയുള്ളൂ എന്നാണ് സൂചന. ഒരുമണിവരെ മൃതദേഹത്തില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാം. വൈകിട്ട് നാലുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് ഇന്നലെ ആരംഭിച്ച വിലാപയാത്ര 8മണിയോടെയാണ് തൃശൂരിലെത്തിയത്. വിലാപയാത്ര കടന്നുപോയ വഴികളിലൊക്കെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് അനുയായികള്‍ ലീഡര്‍ക്ക് നല്‍കിയത്. മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞ സ്ഥലങ്ങൡലൊക്കെ വന്‍ ജനാവലിയായിരുന്നു തടിച്ചുകൂടിയത്. രാത്രിയൊന്നരയോടെ ആലപ്പുഴ ടൗണ്‍ഹാളിലെത്തിയ വിലാപയാത്ര പുലര്‍ച്ചെ നാല് മണിയോടെ വൈറ്റിലയിലെത്തി. ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സമയക്കുറവ് മൂലം വേണ്ടെന്ന് വച്ചു.

നേരത്തേ ഇന്ദിരാഭവനില്‍ നിന്നും ദര്‍ബാര്‍ ഹാളിലെത്തിച്ച കരുണാകരന്റെ ഭൗതികശരീരം കാണാനായി സമൂഹത്തിലെ വിവിധതുറയിലുള്ളവര്‍ എത്തിയിരുന്നു. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന് അന്തിമോപചാരം അര്‍പ്പിച്ചു.

കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും ആഭ്യന്തരമന്ത്രി പി ചിദംബരവും കെ പി സി സി ആസ്ഥാനത്തെത്തി കരുണാകരന് ആദരാഞ്ജലി അര്‍പ്പിച്ചു മടങ്ങി. തുടര്‍ന്ന് രാവിലെമുതല്‍ കെ പി സി സി ആസ്ഥാനത്തിനു പുറത്ത് കാത്തുനിന്ന പ്രവര്‍ത്തകര്‍ തങ്ങളുടെ നേതാവിന് അന്തിമോപചാരമര്‍പ്പിച്ചു

വ്യാഴാഴ്ച്ച 5.30 നായിരുന്നു കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കരുണാകരന്‍ അന്തരിച്ചത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം പത്തിനാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പിന്നീട് ആരോഗ്യ നില വിണ്ടെടുത്തിരുന്നു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. ബ്രയിന്‍ സ്റ്റമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടപ്പിടിച്ചതായും സ്‌കാനിംഗില്‍ കണ്ടെത്തിയിരുന്നു.

നാല് തവണ മുഖ്യമന്ത്രിയായും ഒരു വര്‍ഷത്തോളം കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിച്ച കരുണാകരനാണ് കഴിഞ്ഞ അരദശകത്തോളമായി കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിച്ചിരുന്നത്. 1995 ല്‍ രാജ്യസഭാംഗമായി. കേന്ദ്രത്തില്‍ നരസിംഹറാവു മന്ത്രിസഭയില്‍ 1996 ജൂണ്‍ വരെ വ്യവസായ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പരേതയായ കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ. 1915 ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ തെക്കേടത്ത് രാമുണ്ണി മാരാരുടേയും കണ്ണോത്ത് കല്യാണിയമ്മയുടേയും മകനായി ജനനം. ചെറുപ്പത്തിലേ കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായി. എട്ടാംക്ലാസ് പഠനത്തിനിടെ കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്കായി തൃശൂരിലെത്തിയതായിരുന്നു ആദ്യത്തെ ദീര്‍ഘയാത്ര. തുടര്‍ന്ന് തൃശൂര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായി മാറിയതും ചരിത്രം. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ചിത്രകല അഭ്യസിക്കാനായി തൃശൂര്‍ എം.ടി.ഐയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.

1967 മുതല്‍ 95 വരെ കരുണാകരനായിരുന്നു കേരള നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. 1969 ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ധിരാഗാന്ധിക്കൊപ്പം ഉറച്ചുനിന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ വിവിധനിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചു.