തൃശൂര്‍: കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തെ വഴിതിരിച്ചുവിട്ട ഇച്ഛാശക്തി ഓര്‍മ്മകളുടെ അഗ്നിനാളമായി. സഹധര്‍മ്മിണി കല്യാണിക്കുട്ടിയമ്മയുടെ ഭൗതിക ശരീരം അടക്കം ചെയ്തതിന് തൊട്ടടുത്താണ് കെ.കരുണാകരന്റെയും അന്ത്യ ചടങ്ങുകള്‍ നടന്നത്.

പൂര്‍ണ്ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ ഹൈന്ദവാചാര പ്രകാരമായിരുന്നു സംസ്‌കാരം. മകന്‍ കെ. മുരളീധരനാണ് ചിതയ്ക്ക് തീകൊളുത്തിയത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് നേതാവ് മൊഹ്‌സീന കിദ്വായ് തുടങ്ങിയവര്‍ തൃശൂര്‍ ടൗണ്‍ഹാളിലെത്തി കരുണാകരന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

സംസ്‌കാരച്ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നുള്ളൂവെങ്കിലും ആയിരങ്ങളാണ് പ്രിയനേതാവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി തൃശൂരിലെ മുരളി മന്ദിരത്തിലേയ്ക്ക് ഒഴുകിയെത്തിയത്.