Administrator
Administrator
കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തം: മരണം ഏഴായി
Administrator
Friday 1st January 2010 11:11pm

karunagappalli-tanker-accid1കൊല്ലം: കരുനാഗപ്പള്ളിക്ക് സമീപം പുത്തന്‍തെരുവില്‍ ടാങ്കര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കരുനാഗപ്പള്ളി സ്വദേശി സമദ് (44), നാസര്‍(32), ചവറ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചെറിയഴീക്കല്‍ ആലുംമൂട് വീട്ടില്‍ സുനില്‍കുമാര്‍(43) എന്നിവരാണ് ഇന്നലെ മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ഇവര്‍. സമദ് മെഡിക്കല്‍ കോളജിലും നാസര്‍ കിംസ് ആശുപത്രിയിലുമായിരുന്നു. അപകടത്തില്‍ പൊള്ളലേറ്റ നാലു പേര്‍ നേരത്തെ മരിച്ചിരുന്നു.

കരുനാഗപ്പളളി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തും. ദുരന്തത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഏറെറടുത്ത് ഓയില്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണം. എണ്ണപ്രകൃതിവാതക ടാങ്കറുകളുടെ സുരക്ഷിതമായ ഗതാഗതം ഓയില്‍ കമ്പനി അധികൃതര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അപകടത്തില്‍പ്പെട്ട ടാങ്കര്‍ പൊട്ടിത്തെറിക്കാന്‍ കാരണമായത് അടുത്തുണ്ടായിരുന്ന പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതാണെന്ന് കാണിച്ച് ദുരന്ത നിവാരണ അതോറിട്ടി റവന്യൂമന്ത്രി കെ പി രാജേന്ദ്രന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Advertisement