എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയില്‍ വാജ്‌പേയി-അദ്വാനി യുഗം അവസാനിച്ചെന്ന് കരുണ ശുക്ല
എഡിറ്റര്‍
Sunday 16th March 2014 3:19pm

karuna-shukla

ഭോപ്പാല്‍: ബി.ജെ.പി.യില്‍ മുതിര്‍ന്ന വാജ്‌പേയി-അദ്വാനി യുഗം അവസാനിച്ചെന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല.

ഇവര്‍ നയിച്ചിരുന്ന രാഷ്ട്രീയ അന്തരീക്ഷമല്ല ഇന്ന് ബി.ജെ.പിയിലുള്ളതെന്നും അവര്‍ ആരോപിച്ചു. ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുമടക്കം ചില വ്യക്തികളാണ് ഇന്ന് ബി.ജെ.പിയെ നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

അതിനിടെ തിരഞ്ഞെടുപ്പില്‍ എല്‍.കെ അദ്വാനി ഗുജറാത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമായില്ലെന്നാണ് സൂചന.

അടുത്തിടെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കരുണ ശുക്ല ചത്തീസ്ഡില്‍ ബിലാസ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ നാല് സീറ്റെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് അവര്‍ പറഞ്ഞത്.

ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് കരുണ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുപ്പത്തിരണ്ട് വര്‍ഷത്തെ പാര്‍ട്ടിപ്രവര്‍ത്തനത്തിന് ശേഷം പാര്‍ട്ടി ഉപേക്ഷിക്കേണ്ടി വന്നത് വേദനാജനകമാണെന്നും അവര്‍ പറഞ്ഞിരുന്നു. കരുണയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ നരേന്ദ്ര മോഡി ശക്തമായി വിമര്‍ശിച്ചിരുന്നു.

മുന്‍ എം.പിയായിരുന്ന കരുണ ശുക്ല മഹിളാ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായും സ്ഥാനം വഹിച്ചിട്ടുണ്ട്.

Advertisement