എഡിറ്റര്‍
എഡിറ്റര്‍
ഏതൊരു അച്ഛന്റേയും ആഗ്രഹമാണ് തന്റെ മകന്‍ കളിക്കുന്നത് കാണുക എന്നത്, പക്ഷെ.. ; കരുണിന് ടീമില്‍ ഇടം നഷ്ടമായതിനെ കുറിച്ച് പിതാവ്
എഡിറ്റര്‍
Friday 10th February 2017 6:44pm

karun-father

മുംബൈ: ട്രിപ്പിള്‍ സെഞ്ച്വറിയടിച്ചിട്ടും തൊട്ടടുത്ത ടെസ്റ്റില്‍ നിന്നും, പരിക്കില്ലാതിരുന്നിട്ട് കൂടിയും, തഴയപ്പെട്ട ഏക ബാറ്റ്‌സ്മാനാണ് കരുണ്‍ നായര്‍. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കരുണിന് പകരം രഹാനെയെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ട്രിപ്പിളടിച്ചിട്ടും തൊട്ടടുത്ത ടെസ്റ്റില്‍ നിന്നും പുറത്തായ മറ്റ് താരങ്ങള്‍ ആന്‍ഡി സാന്ദം, ലെന്‍ ഹട്ടണ്‍, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരായിരുന്നു. എന്നാല്‍ മൂവരുടേയും സ്ഥാന നഷ്ടത്തിന്റെ പിന്നിലെ വില്ലന്‍ പരുക്കായിരുന്നു. ഇന്ത്യയ്ക്കായി അവസാനമായി കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകെ 303 റണ്‍സായിരുന്നു കരുണ്‍ നേടിയത്.


Also Read: രാഹുലിനെ തപ്പുന്നത് അവിടെ നില്‍ക്കട്ടെ ആദ്യം സ്വയം ഒന്നു തിരയൂ: മോദിയെക്കുറിച്ച് ഗൂഗിളില്‍ തിരയുന്ന ഇന്ത്യക്കാര്‍ നാണം കെടും


മകന് ടീമില്‍ ഇടം കിട്ടിയില്ലെങ്കിലും കരുണിന്റെ കുടുംബം നിരാശരല്ല. അജിന്‍ക്യാ രഹാനെയ്ക്ക് ടീമിലിടം കൊടുത്തത് തികച്ചും ന്യായമാണെന്നായിരുന്നു കരുണിന്റെ അച്ഛന്‍ കലാധരന്‍ നായരുടെ വാക്കുകള്‍. രഹാനെ മികച്ച താരമാണ്. ടീമിലിടം ലഭിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്. ഇതെന്റെ മകനും അറിയാം. അദ്ദേഹം പറയുന്നു.

കരുണ്‍ മനക്കരുത്തുള്ളവനാണ്. ടീമിലിടം നഷ്ടമായതിനെ അതിന്റേതായ സ്പിരിറ്റില്‍ തന്നെയെടുക്കാന്‍ അവന് സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അവന്റെ ആത്മവിശ്വാസം തകരില്ലെന്നും കലാധരന്‍ പറയുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലിടം നേടാന്‍ കരുണിന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.

ബംഗ്ലാദേശിനേക്കാള്‍ കരുത്തരായ ടീമാണ് ഓസ്‌ട്രേലിയ. അവര്‍ക്കെതിരെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കരുണിന് കഴിയട്ടേയെന്നും പിതാവ് ആശംസിക്കുന്നു. എല്ലാ അച്ഛന്മാര്‍ക്കും തങ്ങളുടെ മകന്‍ കളിക്കുന്നത് കാണാനാണ് ഇഷ്ടം. പക്ഷെ അവസാന തീരുമാനം ടീം കോച്ചിന്റേയും ക്യാപ്റ്റന്റേയുമാണ്. അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും കലാധരന്‍ നായര്‍ പറയുന്നു.

Advertisement