ബംഗളുരു: കര്‍ണാടകയിലെ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും വിശ്വാസ വോട്ട് നേടി. 106 വോട്ട് നേടിയാണ് സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചത്. 100 പേര്‍ സര്‍ക്കാറിന് എതിരായി വോട്ട് ചെയ്തു. ഒരു ജനതാദള്‍ അംഗവും ബി.ജെ.പി അംഗവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിലും സര്‍ക്കാരിന് 106 ന് പേരുടെ പിന്തുണ കിട്ടിയിരുന്നു. ശബ്ദവോട്ടോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്.

11.30ഓടെയാണ് വോട്ടെടുപ്പ് നടന്നത്. സ്പീക്കര്‍ അയോഗ്യത കല്‍പിച്ച പതിനാറ് എം.എല്‍.എ.മാര്‍ക്കും സഭയില്‍ പ്രവേശിക്കാനോ വോട്ട് ചെയ്യാനോ കഴിഞ്ഞിട്ടില്ല.

എന്നാല്‍, വിശ്വാസവോട്ടെടുപ്പിന്റെ ഫലമെന്തായാലും അത് കര്‍ണാടക ഹൈക്കോടതിയുടെ തീര്‍പ്പിന് അനുസരിച്ചാവുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ.ജെ. ബൊപ്പയ്യയുടെ നടപടി ചോദ്യം ചെയ്ത് 16 എം.എല്‍.എ.മാര്‍ നല്‍കിയ ഹരജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുക. ഈ ഹരജിയിലെ വിധി അനുസരിച്ച് മാത്രമേ സര്‍ക്കാറിന്റെ നിലനില്‍പ്പ് ഉറപ്പാവൂ.

വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്വതന്ത്രാംഗങ്ങള്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹര്‍ അനുവദിച്ചില്ല.