ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഇന്ന് വീണ്ടും വിശ്വാസ വോട്ടെടുപ്പ് നടക്കും. സ്പീക്കര്‍ അയോഗ്യത കല്‍പിച്ച പതിനാറ് എം.എല്‍.എ.മാര്‍ക്കും സഭയില്‍ പ്രവേശിക്കാനോ വോട്ട് ചെയ്യാനോ കഴിയാത്ത സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ സര്‍ക്കാറിനെ രക്ഷിക്കാനാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.

വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്വതന്ത്രാംഗങ്ങള്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു. വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹര്‍ അനുവദിച്ചില്ല.

എന്നാല്‍, വിശ്വാസവോട്ടെടുപ്പിന്റെ ഫലമെന്തായാലും അത് കര്‍ണാടക ഹൈക്കോടതിയുടെ തീര്‍പ്പിന് അനുസരിച്ചാവുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ.ജെ. ബൊപ്പയ്യയുടെ നടപടി ചോദ്യം ചെയ്ത് 16 എം.എല്‍.എ.മാര്‍ നല്കിയ ഹരജി തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുക.