ബാംഗ്ലൂര്‍: കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. യെഡ്യൂരപ്പക്കെതിരെ വിമത പ്രവര്‍ത്തനവുമായി രംഗത്ത് വന്നിരുന്ന 19 വിമത എം.എല്‍.എമാര്‍ യെഡ്യൂരപ്പക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണിത്. വിമത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എക്‌സൈസ് വകുപ്പു മന്ത്രി രേണുകാചാര്യ ചര്‍ച്ചയ്ക്ക് വഴങ്ങിയതായും തന്റെ സര്‍ക്കാര്‍ കാലവധി തികക്കുമെന്നും മുഖ്യമന്ത്രി യെഡ്യൂരപ്പ അവകാശപ്പെട്ടു. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എം.എല്‍.എമാരും അവകാശപ്പെട്ടു.

കലാപക്കൊടിയുയര്‍ത്തി ബാംഗ്ലൂര്‍ വിട്ട എം.എല്‍.എമാര്‍ നാളെ ബാംഗ്‌ളൂരില്‍ തിരിച്ചെത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. താന്‍ ചര്‍ച്ചക്ക് സന്നദ്ധമായെന്ന വാര്‍ത്ത രേണുകാചാര്യ
ബാംഗ്‌ളൂരില്‍ എത്തിച്ച സന്ദേശത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. യെദിയൂരപ്പയെ നേതാവായി അംഗീകരിച്ചുകൊണ്ടായിരിക്കും ചര്‍ച്ചയെന്നും ചര്‍ച്ചക്കായി പ്രത്യേക നിബന്ധനകള്‍ വെയ്ക്കില്ലെന്നും രേണുകാചാര്യ അറിയിച്ചു.

അതേ സമയം വിമതരിലെ പ്രധാനിയും ബി.ജെ.പി നേതാവുമായ ശങ്കര്‍ ലിംഗെഗൗഡ ഇന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബാംഗങ്ങളുമായി ഫോണില്‍ വഴക്കടിച്ച് ശേഷം വിഷം കഴിക്കുകയായിരുന്നു അദ്ദേഹം. അവശനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിമത പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു.