എഡിറ്റര്‍
എഡിറ്റര്‍
സ്വാമി നിത്യാനന്ദ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Wednesday 13th June 2012 4:10pm

ബംഗളൂരു: വിവാദ സ്വാമി നിത്യാനന്ദ ബംഗളൂരുവിനടുത്ത രാമനഗര ജില്ലാ കോടതി മുമ്പാകെ ഹാജരായി. കര്‍ണാടകയിലെ രാമനഗരം കോടതിയിലാണ് നിത്യാനന്ദ കീഴടങ്ങിയത്. നിത്യാനന്ദയെ കോടതി ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കര്‍ണാടകയിലെ ബിഡദി ആശ്രമത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ബഹളവും കൈയേറ്റവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് ബിഡദി പോലീസ് നിത്യാനന്ദയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവത്തിനുശേഷം നിത്യാനന്ദ ഒളിവില്‍ പോയിരിക്കുകയായിരുന്നു.

അമേരിക്കയില്‍ കഴിയുന്ന വനിതയ്ക്കുനേരെ നടന്ന ലൈംഗികാതിക്രമ ആരോപണത്തിനു മറുപടി പറയാന്‍ നിത്യാനന്ദ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് ബഹളത്തില്‍ കലാശിച്ചത്.

ചോദ്യം ഉന്നയിച്ച റിപ്പോര്‍ട്ടറെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് കൈയേറ്റം ചെയ്തുവെന്നാണ് പരാതി. ഇതിനെത്തുടര്‍ന്ന് നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ ആശ്രമത്തിലേക്കു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

ബലാല്‍സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളില്‍ അറസ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞ 48 മണിക്കൂര്‍ നേരം ഒളിവില്‍ കഴിയുകയായിരുന്നു നിത്യാനന്ദ. സ്വാമിയുടെ അനുയായികളും അദ്ദേഹത്തെ എതിര്‍ക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ആശ്രമം അടച്ചു പൂട്ടാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

നിത്യാനന്ദയെ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്ന്‌ ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതല  യോഗത്തില്‍ മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു . 2010 ല്‍ പ്രശ്‌സ്ത സിനിമാ താരത്തോടൊപ്പമുള്ള അശ്ലീലരംഗങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. അന്ന് അറസ്റ്റിലായ നിത്യാനന്ദ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

ജൂണ്‍ 8 ാം തിയ്യതിയാണ് നിത്യാനന്ദയ്‌ക്കെതിരെ പോലീസ് ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തത്.

Advertisement