ഉഡുപ്പി: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ച കര്‍ണാടക മന്ത്രിക്ക് പിഴയടക്കേണ്ടി വന്നു.  കര്‍ണ്ണാടക മന്ത്രിസഭയിലെ ഫിഷറീസ്, യുവജന ശാക്തീകരണ കായിക മന്ത്രി പ്രമോദ് മാധവരാജാണ് പോലീസില്‍ 100 രൂപ പിഴയടച്ചത്. ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രിക്ക് പിഴയടക്കേണ്ടി വന്നത്.

നവംബര്‍ 9 ന് ഉഡുപ്പി ജില്ലയിലെ ഖജ്‌റ താലൂക്കില്‍ റോഡ് നവീകര പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങ് നടക്കുകയായിരുന്നു. അവിടെ നേരത്തെ എത്തുന്നതിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകന്റെ ബൈക്കില്‍ കുറച്ച് ദൂരം ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ചു. ഇത് ജനങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

സംഭവം ലോക്കല്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുകയും ഉഡുപ്പി ജില്ലയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ നിയമം മന്ത്രിക്ക് ബാധകമല്ലെ എന്ന വിമര്‍ശനം ഉയരുകയും ചെയ്തു. പ്രശ്‌നം അപകീര്‍ത്തികരമായതിനെ തുടര്‍ന്ന് നവംബര്‍ 10 ന് മന്ത്രി പിഴ അടയ്ക്കുകയായിരുന്നു.

അതേ സമയം മന്ത്രി നിയമം അനുസരിക്കുന്ന പൗരനാണെന്നും തന്നെ ഇങ്ങോട്ട് വിളിച്ച് പിഴ അടക്കുകയായിരുന്നു എന്നും ശനിയാഴ്ചയിലെ പ്രതിവാര ഫോണ്‍ ഇന്‍ പരിപാടിയില്‍ മറുപടി നല്‍കുന്നതിനിടെ ഉഡുപ്പി പോലീസ് സൂപ്രണ്ട് സഞ്ജീവ് എം പാട്ടീല്‍ പറഞ്ഞു.