ന്യൂദല്‍ഹി: ഖനിവിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചീഫ് സെക്രട്ടറി ആര്‍.വി രംഗനാഥനാണ് ലോകായുക്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അനധികൃത ഖനനകമ്പനികളില്‍നിന്നും മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയതായി ലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖനനമാഫിയയില്‍നിന്നും 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ കൈക്കൂലി വാങ്ങിയെന്നും കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അനധികൃത ഖനനംമൂലം സംസ്ഥാനത്തിന് 16,085 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖനന കമ്പനിക്ക് മുഖ്യമന്ത്രിയുടെ കുടുംബം 20 കോടി രൂപയ്ക്ക് ഭൂമി വിറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe Us:

കര്‍ണാടകയിലെ ബെല്ലാരി, ചിത്രദുര്‍ഗ, തുംകൂര്‍ എന്നിവിടങ്ങളില്‍ ഖനനം വന്‍തോതില്‍ നടക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഖനനം തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ലോകായുക്ത കുറ്റപ്പെടുത്തുന്നുണ്ട്.

മന്ത്രി ബി.എസ് യെദ്യൂരപ്പയെ വിചാരണയ്ക്ക് വിധേയനാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ എച്ച.ആര്‍ ഭരദ്വാജിനു കൈമാറി. അനധികൃത ഖനനത്തിന് അനുമതി കൊടുത്തതില്‍ യെദ്യൂരപ്പയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനുമതി നല്‍കിയതുവഴി ബി.ജെ.പി ഭരണകാലത്തു 1827 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായതെന്ന് ലോകായുക്തയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇദ്ദേഹത്തെ അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്.

ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയ്‌ക്കെതിരെയും പരാമര്‍ശമുണ്ട്. നിയമവിരുദ്ധമായി പാട്ടത്തിന് അനുമതി നല്‍കി എന്നതാണ് കുമാരസ്വാമിയ്‌ക്കെതിരെയുള്ള ആരോപണം. കോണ്‍്ഗ്രസ് രാജ്യസഭാ എം.പി അനില്‍ ലാഡ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മന്ത്രി ശ്രീരാമലു, റെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട്.

റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയോട് രാജി വെയ്ക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ട്. ഈ സാഹചര്യത്തില്‍ യെദ്യൂരപ്പയുടെ പിന്‍ഗാമികളായി നിലവിലെ വിദ്യാഭ്യാസ മന്ത്രി വി.എസ് ആചാര്യയുടേതുള്‍പ്പടെ നിരവധി പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

അതേ സമയം സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ കര്‍ണാടക സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഭീഷണി നേരിടേണ്ടി വന്നാലും കേസുമായി മുന്നോട്ടു പോകുമെന്നും ഹെഗ്‌ഡെ വ്യക്തമാക്കി.

ഇതിനിടെ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി യെദ്യൂരപ്പ ദില്ലിയ്ക്ക് തിരിച്ചു.