ബാംഗളൂര്‍: ഭൂമി തട്ടിപ്പിന്റെ  കേസില്‍ ആരോപണവിധേയനായ കര്‍ണാടക ഐടി മന്ത്രി കാട്ട സുബ്രഹ്മണ്യ നായിഡു രാജിവെച്ചു. നായിഡുവിനെതിരെ ലോകായുക്ത ഇന്നലെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

നിഷ്പക്ഷ അന്വേഷണം ഉറപ്പുവരുത്താനാണ് സുബ്രഹ്മണ്യ നായിഡു രാജിവെക്കുന്നത്. നായിഡുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കിയതായും കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ വ്യക്തമാക്കി. സുബ്രഹ്മണ്യ നായിഡുവും മകന്‍ കാട്ട ജഗദീഷ് നായിഡുവുമുള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡിന് വേണ്ടി ഭൂമി വാങ്ങിയതിലാണ് ക്രമക്കേട് നടന്നതായി ആരോപണമുയര്‍ന്നത്. തനിക്ക് അടുപ്പമുള്ള ഒരു സ്ഥാപനത്തിന് 2007 ല്‍ വ്യവസായ മന്ത്രിയായിരിക്കുമ്പോള്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കാന്‍ വേണ്ടി 385 ഏക്കര്‍ ഭൂമി നല്‍കിയതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നായിഡുവിനെതിരേ ഉയര്‍ന്നിരിക്കുന്നത്.

യദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജിവയ്ക്കുന്ന നാലാമത്തെ മന്ത്രിയാണ് നായിഡു.