എഡിറ്റര്‍
എഡിറ്റര്‍
ചികിത്സയുടെ പേരില്‍ മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതിയോട് കര്‍ണാടക
എഡിറ്റര്‍
Sunday 26th January 2014 4:45pm

madani1

കര്‍ണാടക: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ കര്‍ണാടക സുപ്രീം കോടതിയെ സമീപിച്ചു.

മഅദനിക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ടാണ് കര്‍ണാടക സുപ്രീം കേടതിയെ സമീപിച്ചിരിക്കുന്നത്.

മഅദനിക്ക് ചികിത്സ നിഷേധിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും മണിപ്പാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സകള്‍ നല്‍കി വരുന്നുണ്ടെന്നും കര്‍ണാടക സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ജയിലില്‍ മഅദനിക്ക് കൃത്യമായി മരുന്നുകള്‍ നല്‍കുന്നുണ്ട്. ചികിത്സയും തുടരുന്നുണ്ട്. ചികിത്സയുടെ പേരില്‍ ഇനി മഅദനിക്ക് ജാമ്യം നല്‍കരുത്- കര്‍ണാടക വ്യക്തമാക്കി.

മഅദനിയുടെ ചികിത്സ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ കര്‍ണാടക സര്‍ക്കാര്‍ കോടതിക്ക് കൈമാറിയതായും സൂചനയുണ്ട്.

കര്‍ണാടക സര്‍ക്കാര്‍ തനിക്ക് വിദഗ്ധ ചികിത്സ നിഷേധിച്ചെന്നും സുപ്രീം കോടതി വിധിയെ പോലും വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും കാണിച്ച് കഴിഞ്ഞയാഴ്ച മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മഅദനിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മഅദനി ആവശ്യപ്പെടുന്ന ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കണമെന്നും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഇതുപ്രകാരം ജയിലില്‍ നിന്നും ആശുപത്രയിലേക്ക് മാറ്റിയ മഅദനിയെ രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും പിന്നീട് വീണ്ടും ജയിലിലേക്ക് തന്നെ കൊണ്ടുവരികയുമായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ മഅദനിക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന റിപ്പോര്‍ട്ടായിരുന്നു വന്നത്. എന്നാല്‍ അതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും മഅദനി പരാതിയില്‍ പറഞ്ഞിരുന്നു.

Advertisement