എഡിറ്റര്‍
എഡിറ്റര്‍
ശങ്കര്‍ ബിദാരി സദ്ദാമിനെക്കാളും ഗദ്ദാഫിയെക്കാളും അധമന്‍; എ.ആര്‍ ഇന്‍ഫന്റ് പുതിയ ഡി.ജി.പി
എഡിറ്റര്‍
Sunday 1st April 2012 7:50am

ബംഗളൂരു: വീരപ്പന്‍ വേട്ടക്കിടെ വ്യാപക അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ണാട ഡി.ജി.പിയും ഐ.ജിയുമായ ശങ്കര്‍ ബിദാരിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വീരപ്പന്‍ വേട്ടക്കിടെ ശങ്കര്‍ ബിദാരിയുടെ നേതൃത്വത്തില്‍ നടന്ന ക്രൂരതകള്‍ സദ്ദാം ഹുസൈനെയും ഗദ്ദാഫിയെയും വെല്ലുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ബിദാരിയെ തല്‍സ്ഥാനത്തു നിന്നും സര്‍ക്കാര്‍ നീക്കം ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഓഫിസറായ എ.ആര്‍. ഇന്‍ഫെന്റിനെ മറികടന്നാണ് സര്‍ക്കാറിന് താല്‍പര്യമുള്ള ശങ്കര്‍ ബിദാരിയെ നേരത്തേ ഡി.ജി.പിയാക്കിയിരുന്നത്. ഇതേതുടര്‍ന്ന് എ.ആര്‍. ഇന്‍ഫെന്റ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ (എസ്.എ.ടി) സമീപിച്ചു. മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ബിദാരിയുടെ നിയമനം റദ്ദാക്കാനും ഇന്‍ഫെന്റിനെ അഡ്‌ഹോക് ഡി.ജി.പിയായി നിയമിക്കാനും എസ്.എ.ടി ഉത്തരവിട്ടു. ഉത്തരവിനെതിരെ സര്‍ക്കാറും ശങ്കര്‍ ബിദാരിയും കര്‍ണാടക ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കുകയായിരുന്നു. ഹരജി തള്ളിക്കൊണ്ട് ബിദാരിക്കും സര്‍ക്കാറിനുമെതിരെ ജസ്റ്റിസ് എന്‍. കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

വീരപ്പന്‍ വേട്ടക്കുള്ള തമിഴ്‌നാട്-കര്‍ണാടക സംയുക്ത സംഘത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്നു ശങ്കര്‍ ബിദാരി. വീരപ്പന്‍ വേട്ടക്കിടെ സ്ത്രീകള്‍ക്കെതിരെ വ്യാപകമായി പീഡനങ്ങള്‍ അരങ്ങേറിയിരുന്നു. ഇക്കാര്യം കോടതി പരാമര്‍ശിക്കവെ, ആദിവാസി സ്ത്രീകളെയും മറ്റും പീഡനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സദ്ദാമിനെയോ ഗദ്ദാഫിയെയോ പോലെ താന്‍ സര്‍വ്വ വ്യാപിയോ സര്‍വ്വ ശക്തനോ അല്ലെന്നാണ് ബിദാരി പറഞ്ഞത്. സദ്ദാമിനെയോ ഗദ്ദാഫിയെ പോലെയല്ലെങ്കിലും അവരെക്കാള്‍ അധമനാണ് താങ്കള്‍ എന്ന് ഇതിനു മറുപടിയായി കോടതി പറഞ്ഞു. ബിദാരിക്കെതിരെ ആദിവാസി സ്ത്രീകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കോടതി പറഞ്ഞു.

വീരപ്പന്‍ വേട്ടക്കിടെ കൊല്ലപ്പെട്ട 60 പേരില്‍ 36 പേര്‍ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ദൗത്യ സേന കസ്റ്റഡിയിലെടുത്ത ആരും തിരിച്ചു വന്നിട്ടില്ല. മുന്ന് സ്ത്രീകളെയും പതിനൊന്ന് പുരുഷന്മാരെയും വൈദ്യുതാഘാതമേല്‍പ്പിച്ചു. ഒരു സ്ത്രീ നിരവധി തവണ പീഡനത്തിനരയായി. ഇതെല്ലാം നടന്നത് ബിദാരിയുടെ സാന്നിധ്യത്തിലായിരുന്നു….. എന്നിങ്ങിനെ ഗൗരവതരമായ കണ്ടെത്തലുള്ള സദാശിവന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ വായിച്ചപ്പോള്‍, പതിനഞ്ച് വര്‍ഷം പഴക്കമുള്ള റിപ്പോര്‍ട്ട് കണക്കിലെടുക്കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. സര്‍ക്കാറിന്റെ വാദം സദാശിവന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വിലയിടിച്ചു കാണിക്കലാണെന്ന് കോടതി കുറ്റപ്പെടുത്തി.

ബിദാരിയുടെ നിയമനം റദ്ദാക്കിയ ട്രൈബ്യുണലിന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്ന് നിരീക്ഷിച്ച കോടതി, ബിദാരി പുറത്താക്കാനും എ.ആര്‍ ഇന്‍ഫന്റിനെ ഡി.ജി.പിയാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബിദാരിയുടെ പുറത്താക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് വന്നതോടെ, മുഖ്യമന്ത്രി സദാനന്ദ ഗൗഡയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തിനു ശേഷം പുതിയ ഡി.ജി.പിയായി എ.ആര്‍. ഇന്‍ഫന്റ് സ്ഥാനമേല്‍ക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍. ആശോക പ്രഖ്യാപിച്ചു. എന്നാല്‍, ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നാണ് അശോക സര്‍ക്കാറിന്റെ നീക്കത്തെ ന്യായീകരിച്ചത്.

പ്രത്യേക ദൗത്യ സംഘത്തിന്റെ മേധാവിയായിരുന്നെന്ന് ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തി പല അവാര്‍ഡുകളും ബിദാരി സ്വന്തമാക്കിയിട്ടുണ്ട്. ശങ്കര്‍ ബിദാരിയെ സദ്ദാമിനോടും ഗദ്ദാഫിയോടും ഉപമിച്ചത് ദൗര്‍ഭാഗ്യകരമായെന്നാണ് കോടതി വിധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പ്രതികരിച്ചത്.

ബിദാരിക്കു പകരം പുതിയ ഡി.ജിപിയും ഐ.ജിയുമായി സ്ഥാനമേല്‍ക്കുന്ന എ.ആര്‍ ഇന്‍ഫെന്റ് മലയാളിയായ മുതിര്‍ന്ന ഐ.പി.എസ് ഓഫിസറാണ്. കൊല്ലം പരവൂര്‍ സ്വദേശിയാണ് ഇന്‍ഫെന്റ്. കര്‍ണാടകയുടെ പോലീസ് തലപ്പത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ഇന്‍ഫെന്റ്.

Malayalam News

Kerala News in English

 

Advertisement