ബാംഗ്ലൂര്‍: ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ അക്രമം ഭയന്ന് ബാംഗ്ലൂര്‍ നഗരം വിട്ട വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ തിരിച്ചെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി. നഗരത്തില്‍ യാതൊരു വിധത്തിലുമുള്ള പ്രശ്‌നമില്ലെന്നും നഗരം വിട്ടവര്‍ കഴിയുന്നതും വേഗം തിരിച്ചെത്തണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

Ads By Google

നഗരം വിട്ടവരെ തിരിച്ചെത്തിക്കാനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി ആര്‍. അശോക് അറിയിച്ചു. നാഗാലന്‍ഡ്, മണിപ്പൂര്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ട്. ബാംഗ്ലൂരിലും മറ്റ് ജില്ലകളിലുമായി കര്‍ണാടകയില്‍ 3.5 ലക്ഷം വടക്കുകിഴക്കന്‍ സംസ്ഥാനക്കാരാണുള്ളത്. പലായനംചെയ്ത 25,000 പേരൊഴികെയുള്ളവര്‍ ഇപ്പോഴും സംസ്ഥാനത്തിനകത്തുതന്നെയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, പലായനം ചെയ്തവര്‍ ചെറിയതോതിലാണെങ്കിലും തിരിച്ചുവരവ് തുടങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രത്യേക ട്രെയിന്‍ ചൊവ്വാഴ്ച ബാംഗ്ലൂരില്‍ എത്തിയെങ്കിലും അഞ്ച് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

റംസാന്‍ കഴിഞ്ഞാലുടന്‍ അക്രമം ഉണ്ടാകുമെന്നായിരുന്നു വ്യാജസന്ദേശങ്ങള്‍. എന്നാല്‍, അത്തരത്തില്‍ ഒരുസംഭവവും സംസ്ഥാനത്തോ പ്രത്യേകിച്ച് ബാംഗ്ലൂര്‍ നഗരത്തിലോ ഉണ്ടായിട്ടില്ല. നഗരം വിട്ടവര്‍ അവരുടെ ജോലിക്കും പഠനത്തിനുമായി തിരിച്ചുവരണം. എല്ലാവിധ സുരക്ഷയും ഏര്‍പ്പെടുത്തിയതായും ആര്‍.പി.എഫ്, സി.ആര്‍.പി.എഫ്, കര്‍ണാടക റിസര്‍വ് പൊലീസ് തുടങ്ങി 20,000 പൊലീസുകാര്‍ ഒരാഴ്ചകൂടി നഗരത്തില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.