ബാംഗ്ലൂര്‍: രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട അഞ്ച് സ്വതന്ത്ര എം എല്‍ എമാര്‍ കര്‍ണാടക ഹൈക്കോടതിയില്‍ പുതിയ ഹരജി സമര്‍പ്പിച്ചു. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ ജി ബൊപ്പയ്യയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇവരുടെ ഹരജി പുതുതായി രൂപീകരിച്ച ഡിവിഷന്‍ ബെഞ്ച് നബംബര്‍ രണ്ടിന് പരിഗണിക്കും. അയോഗ്യരാക്കിയതിനെ ചോദ്യംചെയ്ത് അതേ എം എല്‍ എ മാര്‍ സമര്‍പ്പിച്ച ആദ്യഹരജിയും അന്ന് പരിഗണിക്കും. അഞ്ച് സ്വതന്ത്ര എം എല്‍ എമാരുടേയും മണ്ഡലത്തില്‍പ്പെട്ട വോട്ടര്‍മാര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്പീക്കര്‍ ബൊപ്പയ്യ എം എല്‍ എമാരെ അയോഗ്യരാക്കിയത്.