![]()
പൊളിട്ടിക്കല്‍ ഡെസ്‌ക്
![]()
രാഷ്ട്രീയവത്കരണം വേണ്ട രീതിയില്‍ നടന്നിട്ടില്ലാത്ത ഒരു സംസ്ഥാനമാണ് കര്‍ണാടക. ജാതി-മത രാഷ്ട്രീയമാണ് കര്‍ണാടകത്തില്‍ നിര്‍ണായകമായിട്ടുള്ളത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥിതി മറിച്ചായിരുന്നില്ല.
വര്‍ഗീയത ഇളക്കി വിട്ട് നേട്ടം കൊയ്യുക എന്ന പരിവാര്‍ ശക്തിയുടെ സ്ഥിരം തന്ത്രം ഇത്തവണ നടന്നില്ല എന്ന് മാത്രമല്ല സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ശക്തമായ തിരിച്ചടിയും ആര്‍.എസ്.എസ്സിന്റെ വോട്ടോടു കൂടി വിജയിച്ചിരുന്ന ബി.ജെ.പിക്ക് നേരിട്ടു.[]
ലിംഗായത്ത് സമുദായാംഗമായ ബി.എസ് യെഡിയൂരപ്പ കെ.ജെ.പി രൂപീകരിച്ചതോടെ സമുദായത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് നഷ്ടമായി. ഇത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി.
അതേസമയം, ജെ.ഡി.എസ് അപ്രതീക്ഷിത മുന്നേറ്റമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത്. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലും ജെ.ഡി.എസ് ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
വൊക്കലിഗ സമുദായംഗമായ ദേവഗൗഡയുടെ ജെ.ഡി.എസ്സിനൊപ്പം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ബംഗാരപ്പ ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഈഡിഗ വിഭാഗം ജെ.ഡി.എസ്സിനൊപ്പം നിന്നു.
കോണ്‍ഗ്രസ് നേതാവ് എസ്.എം കൃഷ്ണയും വൊക്കലിഗ സമുദായത്തിലാണെങ്കില്‍ തന്നെയും ചെറിയ ശതമാനം വോട്ട് മാത്രമാണ് കൃഷ്ണ വഴി കോണ്‍ഗ്രസിന് ലഭിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
കര്‍ണാടകയില്‍ ഭൂരിപക്ഷമായ ദളിത് വിഭാഗത്തെയും റെഡ്ഡി, ഷെട്ടി, തുടങ്ങിയ സമുദായങ്ങളുടെയും മറ്റ് മതങ്ങളുടെയും വോട്ടുകള്‍ കൃത്യമായി വിഭജിച്ചാണ് തിരഞ്ഞെടുപ്പ് നടക്കാറ്.
ഇങ്ങനെയുള്ള കര്‍ണാടക ഇടതുപക്ഷത്തിന് മുന്‍ വര്‍ഷങ്ങളിലെ നേട്ടം നിലനിര്‍ത്താനായില്ല. എന്നാല്‍ എസ്.ഡി.പി.ഐക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്.
ബംഗലൂരു സ്‌ഫോടനത്തിന് പിറകില്‍ എസ്.ഡി.പി.ഐയുടെ പങ്കും അവരുടെ തീവ്രവാദബന്ധവും അന്വേഷണ വിധേയമാക്കണമെന്ന് കര്‍ണാടക പോലീസും പരിവാര്‍ സംഘടനകളും ആവശ്യമുന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. സി.പി.ഐ.എമ്മിന്റെ പരമ്പരാഗത മണ്ഡലങ്ങളില്‍ പോലും വിജയം ഉറപ്പിക്കാന്‍ ഇത്തവണ ഇടതുപക്ഷത്തിന് സാധിച്ചില്ല.
സി.പി.ഐ.എമ്മിന് പ്രതീക്ഷയുണ്ടായിരുന്ന ബാഗേപള്ളി മണ്ഡലത്തില്‍ ജി.വി ശ്രീരാമ റെഡ്ഡിക്ക് 35,472 വോട്ട് നേടി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതിന് മുമ്പത്തെ കോണ്‍ഗ്രസ് ഭരണ കാലത്ത് പ്രതിപക്ഷത്ത് ഇരുന്ന് കൊണ്ട് നിയമസഭക്കകത്തും പുറത്തും സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീരാമ റെഡ്ഡി.
ബാഗേപള്ളി മണ്ഡലത്തില്‍ വിജയിച്ച സ്വതന്ത്രന്‍ എസ്.എന്‍ സുബ്ബ റെഡ്ഡി 66,227 വോട്ട് നേടിയാണ് വിജയിച്ചത്. ഇതേ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം വിജയിച്ച കോണ്‍ഗ്രസിന്റെ എന്‍. സംപംഗി 15,491 വോട്ട് നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജെ.ഡി.എസ് ആണ് മൂന്നാമത്.
ശ്രീരാമ റെഡ്ഡി നിയമസഭയിലെത്തരുതെന്ന് ഭരണ പ്രതിപക്ഷ കക്ഷികളുടെ ആവശ്യമായത് കൊണ്ട് തന്നെ വോട്ട് മറിച്ചാണ് റെഡ്ഡിയെ പരാജയപ്പെടുത്തിയതെന്ന് സി.പി.ഐ.എം ആരോപിക്കുന്നുണ്ട്.
മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നും സി.പി.ഐ.എമ്മിന് ഇതുപോലെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കൃഷ്ണരാജപുരം എന്ന കെ.ആര്‍ പുരത്ത് സി.പി.ഐ.എമ്മിന്റെ ഗൗരമ്മ 1553 വോട്ട് നേടി നാലാം സ്ഥാനത്താണ് ഉള്ളത്.
മുമ്പ് ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടി സി.പി.ഐ.എം വിജയിച്ച മണ്ഡലമാണ് കെ.ആര്‍ പുരം. സൂര്യനാരായണ റെഡ്ഡി മത്സരിച്ചപ്പോഴായിരുന്നു ഈ വിജയം. ശക്തമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം കൂടിയാണ് കെ.ആര്‍ പുരം.
മറ്റ് മണ്ഡലങ്ങളായ ആനേക്കല്‍, ബൈന്ദുര്‍, ചിന്താമണി, ദൊഡ്ഡ ബെല്ലാപൂര്‍, ഗൗരി ബിദാനോ, ഗുല്‍ബര്‍ഗാ റൂറല്‍, കംപ്ലി, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വേണ്ടത്ര മുന്നേറ്റമുണ്ടാക്കാന്‍ സി.പി.ഐ.എമ്മിന് കഴിഞ്ഞില്ല.
ഇതില്‍ ഗുല്‍ബര്‍ഗ റൂറല്‍ മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. സി.പി.ഐ.എമ്മിന് ഒട്ടും സ്വാധീനമില്ലായിരുന്ന ഈ പ്രദേശത്ത് വേരുറപ്പിക്കാന്‍ സി.പി.ഐ.എം കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇത്തവണ 4,694 വോട്ട് നേടി സി.പി.ഐ.എമ്മിന്റെ അമ്പലഗി മാരുതിമന്‍പേട് ആണ് മത്സരിച്ചത്. ഇ്‌ദ്ദേഹം തന്നെയാണ് ഇവിടുത്തെ സി.പി.ഐ.എമ്മിന്റെ തേരാളിയും.
കേരളത്തോട് തൊട്ടുകിടക്കുന്ന മംഗലാപുരം അടക്കമുള്ള തെക്കന്‍ കര്‍ണാടകത്തില്‍ സി.പി.ഐ.എം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പുറകോട്ട പോവുകയാണ് ഉണ്ടായത്. സംഘപരിവാര്‍ ശക്തിയുടെയും ശ്രീരാമ സേനയുടെയും നേതൃത്വത്തില്‍ വര്‍ഗീയ കലാപമുണ്ടായ സ്ഥലങ്ങളാണ് മംഗലാപുരം അടക്കമുള്ള തെക്കന്‍ തീരപ്രദേശങ്ങള്‍.
ഇടതു പാര്‍ട്ടികള്‍ക്ക് വേരോട്ടമുണ്ടായിരുന്ന ഈ സ്ഥലങ്ങളില്‍ പരിവാര്‍ ശക്തികളുടെ എല്ലാ വെല്ലുവിളികളെയും നേരിട്ടാണ് സി.പി.ഐ.എം പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ മാംഗ്ലൂര്‍ സിറ്റി സൗത്തില്‍ മാത്രമാണ് സി.പി.ഐ.എമ്മിന്റെ വസന്താചാരി മൂന്നാമതായി എത്തിയത്.
പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപം ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ക്ക് തിരിച്ചടിയായപ്പോള്‍ ഗുണകരമായത് എസ്.ഡി.പി.ഐക്കാണ്. ഇത് ശരിവെക്കുന്ന തരത്തിലാണ് മംഗലാപുരത്തും മറ്റ് മണ്ഡലങ്ങളിലും സി.പി.ഐ.എമ്മിനെ പിന്തള്ളി എസ്.ഡി.പി.ഐ മുന്നേറ്റമുണ്ടാക്കിയത്.
മംഗലാപുരം മണ്ഡലത്തില്‍ എസ്.ഡി.പി.ഐ 4,808 വോട്ട് നേടി മൂന്നാമതെത്തിയപ്പോള്‍ സി.പി.ഐ.എം 3,815 വോട്ടോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മംഗലാപുരം സിറ്റി നോര്‍ത്ത് മണ്ഡലത്തില്‍ മൂന്നാമതായും സൗത്തില്‍ അഞ്ചാമതായും എസ്.ഡി.പി.ഐ നേട്ടമുണ്ടാക്കി.
എസ്.ഡി.പി.ഐ ശക്തമായ മുന്നേറ്റം നടത്തിയത് മൈസൂരിനടുത്തുള്ള നരസിംഹരാജ മണ്ഡലത്തിലാണ്. എസ്.ഡി.പി.ഐയുടെ അബ്ദുല്‍ മജീദ് കെ.എച്ച് 29,667 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.
കോണ്‍ഗ്രസ് 38,037 വോട്ട് നേടി ഒന്നാമതെത്തിയപ്പോള്‍ ജെ.ഡി.എസ് 29,180 വോട്ടോടെ മൂന്നാം സ്ഥാനത്തേക്കും 12,443 വോട്ടോടെ ബി.ജെ.പി നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
ബന്ധാവാള്‍, ചാംരാജ, ചിക്‌പേട്ട്, ഹുന്‍സൂര്‍, മംഗലാപുരം, മംഗലാപുരം സിറ്റി, നോര്‍ത്ത്, സൗത്ത്, പുത്തൂര്‍, ഷിമോഗ, സുള്ള്യ, വിരാജ് പേട്ട, തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം എസ്.ഡി.പി.ഐ നേട്ടമുണ്ടാക്കി. ബീജാപൂര്‍ സിറ്റിയില്‍ 325 വോട്ട് മാത്രം നേടി പത്താം സ്ഥാനത്തേക്ക് എസ്.ഡി.പി.ഐ പിന്തള്ളപ്പെട്ടു.
മറ്റ് ഇടതുപാര്‍ട്ടികളായ സി.പി.ഐ, സി.പി.ഐ(എം.ല്‍) ലിബറേഷന്‍, റെഡ് ഫഌഗ്, സി.പി.ഐ(എം.എല്‍), എസ്.യു.സി.ഐ എന്നിവരുടെ സാന്നിദ്ധ്യവും തിരഞ്ഞെടുപ്പിലുണ്ടായെങ്കിലും യാതൊരു ചലനങ്ങളുമുണ്ടാക്കാനായില്ല. മൂഡിഗരെയില്‍ 12,721 വോട്ടോടെ നാലാമതും ബെല്ലാരി സിറ്റിയില്‍ 2,508 വോട്ടോടെ അഞ്ചാമതായും സി.പി.ഐ നില മെച്ചപ്പെടുത്തിയത് മാത്രമാണ് എടുത്തുപറയാനുള്ളത്.
ജമ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കിയിരുന്നു. പക്ഷേ, വേണ്ടത്ര മുന്നേറ്റമുണ്ടാക്കാനോ നേരിയ സാന്നിദ്ധ്യമുണ്ടാക്കാന്‍ പോലുമോ ഇവര്‍ക്ക് സാധിച്ചില്ല.
വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും പല മണ്ഡലങ്ങളിലും പരസ്പരം മത്സരിച്ചപ്പോള്‍ നേട്ടമുണ്ടാക്കിയത് എസ്.ഡി.പി.ഐ ആണ്. മുസ്ലീം ലീഗും മത്സരത്തിനിറങ്ങിയെങ്കിലും ഒരു ചലനവുമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
