ബംഗ്ലൂര്‍: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 36 കോളജുകള്‍ അടച്ചുപൂട്ടാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. അനുമതിപത്രവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിച്ചിരുന്നവയാണിവ. സംസ്ഥാന സര്‍ക്കാറിന്റേയോ, യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്റേയോ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്റേയോ ഡിസ്റ്റന്‍സ് എജുക്കേഷന്‍ കൌണ്‍സിലിന്റേയോ അനുമതിപത്രമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന മാനേജ്‌മെന്റ്, എഞ്ചിനീയറിങ് കോളജുകള്‍ക്കെതിരെയാണ് നടപടി.

മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഈ കോളജുകളില്‍ പഠിക്കുന്നത്. ഇവരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കയാണ്. കര്‍ണാടകയിലെ ആറ് കല്‍പിത സര്‍വകലാശാലകളുടെ പദവി എടുത്തുകളയാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം നടപടിയെടുത്തിരിക്കെയാണ് കോളജുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറിന്റെ നടപടി.

ഇത്തരം കോളജുകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ രണ്ടുതവണ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടിയൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി. വിദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ആറ് കോളജുകളും ഇതില്‍ ഉള്‍പ്പെടും. കോളജുകള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാല്‍ വീണ്ടും പരിശോധന നടത്തി അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.