ബെംഗളുരു: കേന്ദ്രം പുറത്തിറക്കുന്ന എല്ലാ വിജ്ഞാപനങ്ങളും നടപ്പിലാക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തെ പറ്റി പഠിച്ചതിന് ശേഷം നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം പുറത്തിറക്കുന്ന എല്ലാ വിജ്ഞാപനങ്ങളും നടപ്പിക്കണമെന്ന് യാതൊരു നിര്‍ബന്ധവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘അതുകൊണ്ടാ ഹിന്ദു കുട്ടിയുടെ കൂടെ കണ്ടപ്പൊ നിന്നോട് ചോദിക്കുന്നത്’; സുഹൃത്തിനെ ബസ് കയറ്റി വിടാനെത്തിയ മാധ്യമപ്രവര്‍ത്തകന് നേരെ സദാചാര അതിക്രമം


കശാപ്പ് നിയന്ത്രണത്തെപ്പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായം തേടുമെന്നും വിവിധ വിഭാഗത്തിലുള്ള ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിജ്ഞാപനത്തിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായത്.

ഇതേ തുടര്‍ന്ന് വിജ്ഞാപനത്തില്‍ ഭാഗികമായി ഭേദഗതി വരുത്താന്‍ കേന്ദ്രം തയ്യാറായിരുന്നു. വിജ്ഞാപനത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. അവിടം കൊണ്ടും നിര്‍ത്താതെ കേന്ദ്ര തീരുമാനത്തിനെതിരെ പോരാടാന്‍ ആഹ്വാനംചെയ്ത് കൊണ്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചിരുന്നു.


Don’t Miss: ‘വെജിറ്റേറിയന്‍ ഇന്ത്യ’ എന്നത് മിഥ്യ മാത്രം; 70 ശതമാനം ഇന്ത്യക്കാരും മാംസഭുക്കുകളെന്ന് സര്‍വ്വേ ഫലം; മുമ്പില്‍ തെലുങ്കാന


ഏറ്റവും കൂടുതല്‍ കന്നുകാലികളെ കടത്തുന്നത് അതിര്‍ത്തിയിലൂടെയാണെന്നും അതുകൊണ്ട് തന്നെ കശാപ്പിനായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് തടയാനാണ് ഇത്തരമൊരു വിജ്ഞാപനമെന്നുമാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പറഞ്ഞിരുന്നത്.

കന്നുകാലികളെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വിപണകേന്ദ്രങ്ങളില്‍ ഉറപ്പുനല്‍കണം. പശു കാള പോത്ത് ഒട്ടകം എന്നിവയെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്റുകള്‍ വിപണനകേന്ദ്രങ്ങളില്‍ ഒപ്പിട്ടു നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇനി കര്‍ഷകര്‍ക്കിടയില്‍ മാത്രമേ കന്നുകാലി വില്‍പന അനുവദിക്കൂവെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയോടെ പോത്ത് ഈ പട്ടികയില്‍ ഉണ്ടാകില്ല.