Administrator
Administrator
കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റില്‍
Administrator
Monday 5th September 2011 9:44am

ബാംഗ്ലൂര്‍: അനധികൃത ഖനനവുമായി ബന്ധപ്പെട്ടു മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കര്‍ണാടക മുന്‍ മന്ത്രി ജി. ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റില്‍. ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നു ടൂറിസം മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ജനാര്‍ദ്ദന റെഡ്ഡിയെ ബല്ലാരിയിലെ വസതിയില്‍ വച്ചാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവും ഒബലാപുരം ഖനി കമ്പനി ഡയറക്ടറുമായ ഡി.വി.ശ്രീനിവാസ റെഡ്ഡിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജനാര്‍ദന റെഡ്ഡിയുടെ ബെല്ലാരിയിലുള്ള വസതിയും ശീനിവാസ റെഡ്ഡിയുടെ ബാംഗ്ലൂരിലുള്ള വസതിയും റെയ്ഡ് ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മുന്ന് കോടിരൂപയും 30 കിലോ സ്വര്‍ണ്ണവും ജനാര്‍ദ്ദന റഡ്ഡിയുടെ വീട്ടില്‍ നിന്നും 1.5 കോടി രൂപ ശ്രീനിവാസ റെഡ്ഡിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അഴിമതി തടയല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റ്. ഇരുവരെയും ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോയി. ഇവരെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.

അനധികൃതമായി ഖനനം നടത്തിയതിന് റെഡ്ഡി സഹോദരന്‍മാരായ ജനാര്‍ദന റെഡ്ഡി, കരുണാകര റെഡ്ഡി എന്നിവര്‍ക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഇരുമ്പയിര് കടത്തിയതായാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ സന്ദൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഒന്‍പതു ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു.

Advertisement